ഡല്‍ഹി: മീ ടൂ ക്യാമ്പയിന്‍ ഇന്ത്യയിൽ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പ്രതികരിക്കുകയായിരുന്നു അവർ. കാലം എത്ര കഴിഞ്ഞു എന്നത് പ്രശ്നമല്ല, പരാതികൾ അറിയിക്കാൻ ഇപ്പോഴും അവസരമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലൈംഗിക അതിക്രമത്തിന് ഇരയായതിന്റെ അമര്‍ഷം ആ വ്യക്തികളില്‍ നിന്ന് ഒരിക്കലും വിട്ടുപോകില്ല. ലൈംഗിക അതിക്രമം നടത്തിയ ആളെ ഇരയ്ക്ക് ഒരിക്കലും മറക്കാനും സാധിക്കില്ല. അതിനാലാണ് സമയപരിധിയില്ലാതെ പരാതികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രാലയത്തിന് കത്തെഴുതിയെന്നും മനേക പറഞ്ഞു.
ലൈംഗികമോ അല്ലാതെയോ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറയാൻ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി ഇപ്പോള്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങൾക്ക് ശേഷവും പരാതിപ്പെടാന്‍ സാധിക്കുമെന്നും ഓർമ്മിപ്പിച്ചു. എത്ര വൈകിയെന്നതല്ല, പരാതിപ്പെടാന്‍ ചെല്ലുമ്പോള്‍ അതിന് ആവശ്യമായ സംവിധാനങ്ങള്‍ ഇപ്പോഴും ലഭ്യമാകുന്നുവെന്നതാണ് കാര്യമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ വ്യക്തി വൈരാഗ്യം തീർക്കാനുള്ള അവസരമായി ഇതിനെ കാണരുതെന്നും മനേക പറഞ്ഞു. മറ്റൊരാളെ കുറ്റപ്പെടുത്താനും വ്യക്തിഹത്യ നടത്താനുമായി മീ ടൂ ക്യാമ്പയിൻ മാറരുതെന്നും അതിരുവിട്ട് പോകരുതെന്നും മനേക കൂട്ടിച്ചേർത്തു.
മീ ടൂ ക്യാമ്പയിന്‍ ബോളിവുഡിനെ പിടിച്ചുലയ്ക്കുകയാണ്. തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലോടെയാണ് തുറന്നു പറച്ചിലുകള്‍ ആരംഭിക്കുന്നത്. ഏറ്റവും ഒടുവിലായി ആരോപണം ക്വീന്‍ സിനിമയുടെ സംവിധായകനായ വികാസ് ബേലിനെതിരായണ്. നടി കങ്കണയുൾപ്പടെ ഒന്നിലധികം താരങ്ങളാണ് വികാസിനെതിരെ രംഗത്തെത്തിയിരിക്കുന്നത് .