ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചതായും നാല് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പശ്ചിമ നഗരങ്ങളായ ഇന്‍ഡോര്‍, ഉജ്ജ്വയിന്‍, ദേവാസ് തുടങ്ങിയിടങ്ങളിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഉളളിയുടേയും പരിപ്പിന്റേയും സംഭരണവില വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി കര്‍ഷകര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു.

മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും കാര്‍ഷിക ലോണുകള്‍ എഴുതി തള്ളിയ നടപടി സംസ്ഥാന സര്‍ക്കാരും സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. മധ്യപ്രദേശില്‍ പലയിടങ്ങളിലും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസിനെതിരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും കടകള്‍ അടിച്ചുതകര്‍ത്ത് കൊളളയടിക്കുകയും ചെയ്തു.

ബദ്നാവാറില്‍ കര്‍ഷകര്‍ 12,000 ലിറ്റര്‍ പാല്‍ റോഡില്‍ ഒഴുക്കികളഞ്ഞ് പ്രതിഷേധിച്ചു. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ പച്ചക്കറി- പാല്‍ ക്ഷാമം രൂക്ഷമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ