ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. മന്ദസോറില്‍ ആറാം തീയതി നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ ഗാന്ധി സമരക്കാരെ അഭിസംബോധന ചെയ്യും.

‘നമ്മുടെ രാജ്യത്ത് ഓരോ ദിവസവും 35 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക രംഗത്തോടുള്ള നയത്തില്‍ പ്രതിഷേധിച്ച് സമരം നടത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ജൂണ്‍ ആറിന് മന്ദസോറില്‍ നടക്കുന്ന റാലിയെ ഞാന്‍ അഭിസംബോധന ചെയ്യും,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മന്ദസോറില്‍ ഏഴോളം കര്‍ഷകരെ വെടിവച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് രാജ്യവ്യാപക സമരം.

എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നത്. രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അലയടിച്ചു തുടങ്ങിയിട്ടുണ്ട്.

കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പൂര്‍ണമായും തടയുകയും പാല്‍- പച്ചക്കറി ഉത്പന്നങ്ങള്‍ റോഡിലൊഴുക്കിയുമാണ് പ്രതിഷേധം പുരോഗമിക്കുന്നത്. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്‌മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. ജൂണ്‍ 1 മുതല്‍ പത്ത് വരെയാണ് സമരം.

നൂറ്റിയമ്പതോളം ചെറു കര്‍ഷകസംഘങ്ങളാണ് മധ്യപ്രദേശിലെ സമരത്തെ പിന്തുണയ്ക്കുന്നത്. 50 പഞ്ചായത്തില്‍ വ്യാപിച്ചുകിടക്കുന്ന സമരത്തോടെ നഗരങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചു.

രാജ്യത്തെ കര്‍ഷകര്‍ സമരം ചെയ്യുന്നത് മാധ്യമ ശ്രദ്ധ കിട്ടാനെന്ന് കേന്ദ്ര കൃഷി മന്ത്രിയും ബിജെപി നേതാവുമായ രാധാ മോഹന്‍ സിങ്ങ് പറഞ്ഞു. രാജ്യത്ത് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 10 ദിവസത്തെ സമരത്തെക്കുറിച്ചായിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് കോടികണക്കിന് കര്‍ഷകര്‍ ഉണ്ടെന്നും വെറും ആയിരങ്ങള്‍ മാത്രം അംഗങ്ങളായുള്ള കാര്‍ഷിക സംഘടനകളാണ് സമരം ചെയ്യുന്നതെന്നും, അവരുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള അസാധാരണ നീക്കമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook