ന്യൂഡൽഹി: ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വെള്ളിയാഴ്ച അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതനിധികളുമായി കോവിഡ് -19 അവലോകന യോഗം നടത്തി. പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്ലസ്റ്ററുകളും ഹോട്ട്സ്പോട്ടുകളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരോ ആരോഗ്യ വകുരപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോ ആണ് യോഗത്തിൽ പങ്കെടുത്തത്. കോവിഡ് പരിശോധന, കോൺടാക്ട് ട്രെയ്സിങ്, ചികിത്സ, വാക്സിനേഷൻ, കോവിഡ് അനുകൂല പെരുമാറ്റം എന്നിവയടങ്ങിയ അഞ്ചിന തന്ത്രങ്ങൾ മാണ്ഡ്യവ്യ നിർദേശിച്ചു.
മതിയായതും സമയബന്ധിതവുമായ പരിശോധനകൾ രോഗബാധിതരെ പെട്ടെന്ന് തിരിച്ചറിയുന്നതിനും പെട്ടെന്നുള്ള കുതിച്ചുചാട്ടം തടയുന്നതിനും സഹായിക്കുമെന്നും മാണ്ഡവ്യ പറഞ്ഞു.
ഈ തരംഗത്തിൽ ഭൂരിഭാഗം രോഗികളും ഹോം ഐസൊലേഷനിൽ കഴിയുന്നതിനാൽ, ഹബ് ആൻഡ് സ്പോക്ക് മോഡലിന്റെ ഭാഗമായി കൂടുതൽ ടെലികൺസൾട്ടേഷൻ സെന്ററുകൾ തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാണ്ഡവ്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. “മഹാമാരി സമയത്ത് മാത്രമല്ല, കോവിഡ് ഇതര മെഡിക്കൽ പരിചരണത്തിനും ടെലികൺസൾട്ടേഷൻ സെന്ററുകൾ ഞങ്ങളെ സഹായിക്കും,” അദ്ദേഹം പറഞ്ഞു.
Also Read: മൂക്കിൽ ഉപയോഗിക്കാവുന്ന ബൂസ്റ്റർ ഡോസ് വാക്സിൻ: ഭാരത് ബയോടെകിന് ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി
വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, 15 മുതൽ 17 വരെ വയസ് പ്രായമുള്ളവർക്കും രണ്ടാമത്തെ ഡോസ് നൽകേണ്ട ആളുകൾക്കുമുള്ള വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കാൻ മാണ്ഡവ്യ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. കോവിഡ് -19 പരിശോധനയിൽ ആർടിപിസിആർ പരിശോധനകൾ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അത് വർദ്ധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി.
കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങൾ ദേശീയ തലത്തിൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ചെയ്യുന്ന ആദ്യ 10 സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗം.
രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സജീവ കേസുകളിൽ 16.25 ശതമാനവും കർണാടകയിൽ നിന്നാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ 27 ജില്ലകളിൽ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തുന്നു. കേരളത്തിലെ 14 ജില്ലകളിലും 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ദക്ഷിണേന്ത്യയിൽ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിലും പോസിറ്റീവിറ്റിയിലും കുറവ് കാണിക്കുന്ന ജില്ലകളിൽ ബാംഗ്ലൂർ അർബനും ചെന്നൈയും ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.