ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരിൽ രണ്ടു ശതമാനം പേർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയതിനുപിന്നാലെ, നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കോവിഡിന്റെ പുതിയ വകഭേദങ്ങൾ പെട്ടെന്ന് കണ്ടുപിടിക്കാൻ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാർക്കും ബോർഡിങ് പോയിന്റുകളിൽ കോവിഡ് പരിശോധന നിർബന്ധിതമാക്കാനാണ് സർക്കാർ ആലോചന.
ഈ നാല് രാജ്യങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് പ്രത്യേകമായി നിർബന്ധിത ആർടി-പിസിആർ പരിശോധന ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചർച്ച നടത്തി വരികയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് നിർബന്ധിത ക്വാറന്റൈൻ വീണ്ടും ഏർപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
”ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എത്രയും വേഗം എയർ സുവിധ പോർട്ടൽ തുടങ്ങുകയും ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കാൻ വ്യോമയാന മന്ത്രാലയവുമായി ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യയിൽ എത്തുന്ന ആർക്കെങ്കിലും പനിയോ അല്ലെങ്കിൽ പോസിറ്റീവോ സ്ഥിരീകരിച്ചാൽ ഉടൻ തന്നെ ക്വാറന്റൈനിലാക്കും. രാജ്യത്തെ കോവിഡിൽനിന്നും രക്ഷിക്കാൻ ഈ നടപടികൾ ഉടൻ തന്നെ നടപ്പിലാക്കും,” കേന്ദ്ര ആരോഗ്യ മന്ത്രി മാനുഷ്ക് മാണ്ഡവ്യ പറഞ്ഞു.
ഡിസംബർ 27ന് രാജ്യവ്യാപകമായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ഡ്രിൽ നടത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ജില്ലാ കലക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രിൽ നടത്തേണ്ടതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. കോവിഡ് നേരിടാൻ ആരോഗ്യകേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, ഇന്ത്യയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇപ്പോഴും കുറയുന്നതായാണ് ട്രെൻഡുകൾ കാണിക്കുന്നത്. ഒരു ദിവസം ശരാശരി 153 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാനും ബൂസ്റ്റർ ഡോസ് അടക്കം വാക്സിനേഷൻ പ്രക്രിയ പൂർത്തിയാക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനിതക ശ്രേണീകരണ പരിശോധന വര്‍ധിപ്പിക്കാന്‍ വർധിപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.