ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം. ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണിത്. 3,000 മീറ്റർ ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി എം എം നരവാനെ എന്നിവർ പ്രധാനമന്ത്രിയോടൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Credit: PIB

റോഹ്താങ് ലായുടെ പടിഞ്ഞാറ് വശത്തുള്ള പർവതത്തെ മുറിച്ചു കടക്കുന്നതാണ് തുരങ്കം. രണ്ട് പ്രദേശങ്ങൾക്കിടയിലെ ദൂരത്തിൽ 46 കിലോമീറ്റർ ലാഭിക്കാൻ പുതിയ തുരങ്കം യാത്രാ സജ്ജമാവുന്നതാടെ സാധിക്കും. നിലവിൽ 4 മണിക്കൂറുള്ള ഈ ഇടങ്ങൾ തമ്മിലുള്ള യാത്ര സമയം തുരങ്കം വരുന്നതോടെ 15 മിനുറ്റ് ആയി കുറയും. പ്രതിദിനം മൂവായിരത്തോളം കാറുകളും 1,500 ട്രക്കുകളും കൈകാര്യം ചെയ്യാൻ ഇരട്ട പാതയുള്ള തുരങ്കത്തിന് കഴിയും. മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗത.

Credit: PIB

അടൽ തുരങ്കം രാജ്യത്തിന്റെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് പുതിയ കരുത്ത് നൽകുമെന്ന് തുരങ്കം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. “അതിർത്തി കണക്റ്റിവിറ്റിയുടെ ഒരു ലോകോത്തര ഉദാഹരണമാണിത്. കണക്റ്റിവിറ്റിക്ക് വികസനവുമായി നേരിട്ട് ബന്ധമുണ്ട്. അതിർത്തി പ്രദേശങ്ങളിലെ കണക്റ്റിവിറ്റി സുരക്ഷാ പ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, ” പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം അതിർത്തി കണക്റ്റിവിറ്റി പദ്ധതികൾ സുരക്ഷാ സേനയ്ക്ക് സഹായകരമാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമാണ് തുരങ്കത്തിന്റെ നാമകരണം. 15,000 ടൺ ഉരുക്ക് തുരങ്കം നിർമിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം സമയമെടുത്താണ് നിർമാണം പൂർത്തിയായത്. ഏകദേശം 3,200 കോടി രൂപയാണ് തുരങ്കം നിർമിക്കുന്നതിനായി ചിലവായത്.

തുരങ്കത്തിനകത്ത് ഓരോ 150 മീറ്ററിലും ഒരു ടെലിഫോണും, ഓരോ 60 മീറ്ററിലും അഗ്നി ശമന ഉപകരണവും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ 500 മീറ്ററിലും എമർജൻസി എക്സിറ്റുമുണ്ട്. ഓരോ 2.2 കിലോമീറ്ററിലും വാഹനങ്ങൾ തിരിക്കുന്നതിനുള്ള ഇടവും നൽകിയിരിക്കുന്നു.

ഓരോ കിലോമീറ്റർ കൂടുമ്പോഴും വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാനുള്ള സംവിധാനവും തുരങ്കത്തിനകത്തുണ്ട്. 250 മീറ്റർ കൂടുമ്പോൾ സിസിടിവി ക്യാമറകളുള്ള ഓട്ടോമാറ്റിക് ഇൻസിഡന്റ് ഡിറ്റക്ഷൻ സംവിധാനവും ബ്രോഡ് കാസ്റ്റിങ്ങ് സംവിധാനവും തുരങ്കത്തിലുണ്ട്.

Read More: Manali to Spiti in 15 mins: PM Narendra Modi inaugurates Atal Tunnel at Rohtang

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook