ലഖ്‌നൗ: പീഡനത്തിനിരയായ ഉന്നാഓ പെൺകുട്ടിയുടെ അച്ഛനെതിരെ പരാതി കൊടുത്തയാളെ കാണാനില്ല. ഇയാളെ പത്ത് ദിവസമായി കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതിപ്പെട്ടു. ഉന്നാഓയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്റെ ബന്ധുവായ ടിങ്കു സിംഗിനെയാണ് കാണാതായത്. പെൺകുട്ടിയുടെ പിതാവ് നേരത്തേ പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ് മരിച്ചിരുന്നു.

ഏപ്രിൽ 9 ന് രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് പുറത്തേക്ക് പോയ ടിങ്കു സിംഗ് പിന്നീട് തിരികെ വന്നിട്ടില്ലെന്ന് മാഖി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സഹോദരൻ ഭൂപേന്ദ്ര പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് സിംഗ് പറഞ്ഞു.

ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കർ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് ഉന്നാഓ പീഡനക്കേസ്. എംഎൽഎയുടെ ആളുകൾ ടിങ്കു സിംഗിനെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. ടിങ്കു സിംഗിനെ കൊണ്ട് നിർബന്ധിച്ച് പരാതി നൽകിപ്പിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.

പത്ത് ദിവസമായി ടിങ്കുവിന്റെ മൊബൈൽ ഫോൺ സ്വിച്ച്‌ഡ് ഓഫ് ആണ്. പീഡനത്തിനിരയായ പെൺകുട്ടിയുടെയും ടിങ്കുവിന്റെ കുടുംബങ്ങൾ തമ്മിൽ ആശയകുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് ടിങ്കുവിന്റെ അമ്മാവൻ വെളിപ്പെടുത്തിയിട്ടുണ്ട്. ടിങ്കുവിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ ഏപ്രിൽ മൂന്നിനല്ല നടന്നതെന്നും അമ്മാവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പീഡനം സംബന്ധിച്ച് പരാതി നൽകിയ ദിവസം തന്നെ പെൺകുട്ടിയുടെ പിതാവിനെ എംഎൽഎയുടെ സഹോദരനും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ ഇദ്ദേഹത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ടിങ്കുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചികിത്സ നൽകാതെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ആരോഗ്യനില വഷളായിട്ടും അഞ്ച് ദിവസവും ഇദ്ദേഹത്തെ അഞ്ച് ദിവസവും പൊലീസ് കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു. പിന്നീട് ഏപ്രിൽ എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം തൊട്ടടുത്ത ദിവസം മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ