കൊൽക്കത്ത:  പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ പ്രസ്‌താവനയിൽ നട്ടംതിരിഞ്ഞിരിക്കുകയാണ് കൊൽക്കത്തയിലെ മണപ്പുറം ഫിനാൻസ് ജീവനക്കാർ. പശുവിന്റെ പാലിൽ സ്വർണമുള്ളതിനാൽ ലോൺ വേണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ മണപ്പുറം ഫിനാൻസിൽ കർഷകൻ പശുവുമായി എത്തി.

പശ്ചിമ ബംഗാളിലെ ഡാൻകുനിയിലാണ് രസകരമായ സംഭവം നടന്നത്. പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞതായി അറിഞ്ഞു. എങ്കിൽ തന്റെ കയ്യിലുള്ള പശുവിനെ സ്വീകരിച്ച് ലോൺ അനുവദിക്കണമെന്നാണ് ഇയാൾ ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടത്. വെസ്റ്റ് ബംഗാളിലെ ഒരു മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്. “ലോൺ ലഭിക്കാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. പശുവിനെയും കൊണ്ടുവന്നിട്ടുണ്ട്. പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ഞാൻ കേട്ടു. അതിനാൽ, പശുവിനെ സ്വീകരിച്ച് ലോൺ അനുവദിക്കണം. എനിക്കു 20 പശുക്കളുണ്ട്. ലോൺ ലഭിച്ചാൽ വ്യാപാരം വിപുലമാക്കാൻ സാധിക്കും” മണപ്പുറം ഫിനാൻസിലെത്തിയ കർഷകൻ പറഞ്ഞു.

Read Also: പശുവിന്റെ പാലിൽ സ്വർണമുള്ളതുകൊണ്ടാണ് ഗോ മൂത്രത്തിന് മഞ്ഞ നിറം: ബിജെപി നേതാവ്

ബിജെപി നേതാവിന്റെ പ്രസ്‌താവനയിൽ ഗരാൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സിങ്ങും നട്ടംതിരിയുന്നുണ്ട്. ഗ്രാമത്തിലെ എല്ലാവരും തന്നെ സമീപിച്ച് പശുവിന് എത്ര ലോൺ കിട്ടുമെന്നാണ് തിരക്കുന്നതെന്ന് മനോജ് സിങ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പശുവുമായി ഓരോരുത്തർ എന്റെ അരികിലേക്ക് എത്തുന്നു. ഈ പശുവിന് എത്ര രൂപ ലോൺ കിട്ടുമെന്നാണ് കർഷകർ തിരക്കുന്നത്. പതിനഞ്ച്-പതിനാറ് ലിറ്റർ പാലുവരെ കിട്ടുന്ന പശുക്കളാണ്. അതുകൊണ്ട് എന്തായാലും ലോൺ കിട്ടണമെന്ന് കർഷകർ പറയുന്നതായും മനോജ് സിങ് പറയുന്നു.

ഒരു പൊതു സമ്മേളനത്തിലായിരുന്നു ബിജെപി നേതാവ് ദിലീപ് ഘോഷിന്റെ പശുവിൻ പാലിൽ സ്വർണമുണ്ടെന്ന വിചിത്ര പ്രസ്‍താവന. ഗോമാംസം കഴിക്കുന്ന ബുദ്ധിജീവികൾക്ക് പട്ടിയിറച്ചിയും കഴിക്കാമെന്നും ബംഗാളിലെ മുതിർന്ന ബിജെപി നേതാവ് കൂടിയായ ദിലീപ് ഘോഷ് പറഞ്ഞു.

“പശു നമ്മുടെ അമ്മയാണ്, നമ്മൾ പശുക്കളുടെ പാൽ കഴിച്ച് ജീവിക്കുന്നു. അതിനാൽ ആരെങ്കിലും എന്റെ അമ്മയോട് മോശമായി പെരുമാറിയാൽ, അവരോട് പെരുമാറേണ്ട രീതിയിൽ തന്നെ ഞാൻ പെരുമാറും. ഇന്ത്യയിലെ പരിപാവനമായ മണ്ണിൽ, പശുക്കളെ കൊന്ന് മാംസം കഴിക്കുന്നത് മഹാ അപരാധമാണ്,” ദിലീപ് ഘോഷ് പറഞ്ഞു.

Read Also: പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് വേണം; പതിനെട്ടുകാരിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത്

ബുദ്ധിജീവികൾ റോഡുകളിൽ ഇരുന്ന് ഗോമാംസം കഴിക്കുകയും ‘വിദേശ വളർത്തുമൃഗങ്ങളുടെ മലമൂത്ര വിസർജനം വൃത്തിയാക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു’ വെന്നും ദിലീപ് ഘോഷ് വിമർശിച്ചു. “കുറച്ച് ബുദ്ധിജീവികൾ പൊതു ഇടങ്ങളിൽ ഗോമാംസം കഴിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങൾ പശുക്കളുടെ മാംസം മാത്രം കഴിക്കുന്നു. പട്ടിയിറച്ചിയും കഴിക്കൂ. ഏത് മൃഗത്തിന്റെ മാംസം കഴിച്ചാലും അവരുടെ ആരോഗ്യം മെച്ചപ്പെടും. പക്ഷേ എന്തുകൊണ്ട് റോഡുകളിൽ? നിങ്ങളുടെ വീടിനുള്ളിൽ കഴിക്കുക,” ബിജെപി നേതാവ് പറഞ്ഞു. ഇന്ത്യൻ പശുക്കളെ മാത്രമാണ് മാതാവായി കണക്കാക്കുന്നതും വിദേശ പശുക്കളെ അങ്ങനെ കണക്കാക്കുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook