മുംബൈ: വാട്‌സ് ആപ്പിലൂടെ ഭാര്യയെ മൊഴിചൊല്ലാന്‍ ശ്രമിച്ച യുവാവിനെതിരെ പൊലീസ് കേസ്. ഭാര്യ നല്‍കിയ പരാതിയിലാണ് മുംബൈ സ്വദേശിയായ നദീം ഷെയ്ഖിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മുസ്ലീം വുമണ്‍ ആക്ടിന്റെ അടിസ്ഥാനത്തില്‍ താനെ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാട്‌സ് ആപ് സന്ദേശത്തിലൂടെ ഭാര്യയെ മൊഴിചൊല്ലി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു നദീം ഷെയ്ഖ്. ഭാര്യ കേസ് നല്‍കിയതിന് പിന്നാലെ നദീം ഷെയ്ഖ് ഒളിവിലാണ്. പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒരാഴ്ച മുന്‍പാണ് 25 കാരിയായ യുവതി ഭര്‍ത്താവിനെതിരെ കേസ് നല്‍കിയത്. ഇവര്‍ക്ക് നാല് വയസുള്ള ഒരു മകനുമുണ്ട്.

Read More: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ഏതാനും വര്‍ഷങ്ങളായി പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. വീട് വിട്ട് പോകാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു എന്നും പിന്നീട് മറ്റൊരു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും യുവതി പറയുന്നു.

മേയ് 12 നാണ് യുവതിക്ക് വാട്‌സ് ആപ് സന്ദേശം ലഭിക്കുന്നത്. മുത്തലാഖ് സന്ദേശം ലഭിച്ചതിനു പിന്നാലെ യുവതി പൊലീസുമായി ബന്ധപ്പെട്ടു. മുസ്ലീം വുമണ്‍ ആക്ട് സെക്ഷന്‍ നാലിന്റെ അടിസ്ഥാനത്തിലാണ് നദീം ഷെയ്ഖിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. ഒളിവില്‍ കഴിയുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More: മുത്തലാഖ് ബില്ലും പൗരത്വ ബില്ലും പാസാക്കാനാകാതെ രാജ്യസഭ പിരിഞ്ഞു

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ  വിധിച്ചിട്ടുള്ളതാണ്. ഭരണഘടനാ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധി നേരത്തെ പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖിനെതിരേ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ, ജസ്റ്റീസ് എസ്.അബ്ദുൾ നസീർ എന്നിവർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.

മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നു ജഡ്ജിമാരായ ജെ.എസ്. കേഹാറും ജസ്റ്റിസ് എസ്. അബ്ദുൽ നസീറും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങൾ മുത്തലാഖ് ലംഘിക്കുന്നില്ല. മുത്തലാഖ് ആയിരം വർഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയിൽപ്പെടുന്നതാണെന്നും ഇരുവരും വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook