ജെയ്പൂര്‍: കൊല്ലപ്പെട്ട അല്‍-ഖ്വയ്ദ ഭീകരനേതാവായ ഒസാമ ബിന്‍ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബില്‍വാര ജില്ലയിലെ മണ്ഡല് മേഖലയിലെ ഒരു യുഐഡിഎഐ (യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) ഓപ്പറേറ്ററാണ് ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ചത്. മണ്ഡലില്‍ ആധാര്‍ രജിസ്ട്രേഷന് സെന്റര്‍ നടത്തുന്ന സദ്ദാം മന്‍സുരി എന്നയാളാണ് തട്ടിപ്പിന് ശ്രമിച്ചത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ യുഐഡിഎഐ അധികൃതര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ബിന്ലാദന്, അബോട്ടാബാദ്, ബില്‍വാര ജില്ല എന്ന വിലാസത്തിലാണ് ഇയാള്‍ ആധാര്‍ എടുക്കാന്‍ ശ്രമിച്ചത്. ആധാര്‍ വെബ്സൈറ്റില്‍ ലാദന്റെ വ്യക്തമല്ലാത്ത ചിത്രവും ഇയാള്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍ വിരലടയാളമോ മറ്റ് തിരിച്ചറിയല്‍ അടയാളങ്ങളോ നല്‍കിയിരുന്നില്ല. എന്റോള്‍മെന്റ് ആപ്ലിക്കേഷനിലെ വിവരങ്ങള്‍ പൂര്‍ണ്ണമല്ലായിരുന്നു. സംശയത്തെ തുടര്‍ന്ന് അധികൃതര്‍ രാജസ്ഥാന് ഐ.ടി വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് സദ്ദാം മന്‍സൂരിക്കെതിരെ കേസെടുത്തു. അതേസമയം താന്‍ നിരപരാധിയാണെന്നും ലാദന്റെ പേരില്‍ രജിസ്ട്രേഷന് ശ്രമിച്ചത് മറ്റാരെങ്കിലും ആയിരിക്കുമെന്നും ഇയാള്‍ പൊലീസിന് മൊഴി നല്കി. എന്നാല്‍ ഇയാളുടെ ഐഡിയില്‍ നിന്നുമാണ് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇയാള്‍ ലാദന്റെ പേരില്‍ ആധാര്‍ എടുക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.