ന്യൂഡല്‍ഹി: മതത്തെ പരിഹസിക്കുന്ന ട്രോളുകള്‍ക്കായി മീമുകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ച് കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. ദീപക് ശര്‍മ്മ എന്നയാളാണ് കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ ലൈവായി പ്രദര്‍ശിപ്പിച്ചത്.

തന്റെ മതത്തെ പരിഹസിച്ച് ട്രോള്‍ ഉണ്ടാക്കുന്നവര്‍ക്ക് സമാന അനുഭവം ആയിരിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. തന്റെ ഫോട്ടോ ഉപയോഗിച്ച് ട്രോള്‍ ഉണ്ടാക്കിയാലും മതത്തെ പരിഹസിച്ച് ട്രോള്‍ ഉണ്ടാക്കേണ്ടെന്ന് ഇയാള്‍ പറയുന്നു. ഒരു ട്രോള്‍ ഗ്രൂപ്പിന്റെ അഡ്മിനാണ് കുട്ടിയെന്നാണ് കരുതുന്നത്. വീഡിയോ ഇതിനകം 15,000ത്തോളം പേരാണ് കണ്ടത്. ആയിരക്കണക്കിന് ഷെയറുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് കിട്ടി.

മതമൗലികവാദികളായ ചിലര്‍ ദീപക് എന്നയാളുടെ അക്രമത്തെ പ്രകീര്‍ത്തിച്ചാണ് രംഗത്തെത്തിയത്. അതേസമയം ചിലര്‍ ഇയാളുടെ പ്രവൃത്തിയെ വിമര്‍ശിച്ചും രംഗത്തെത്തി. ഇയാള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും ഫെയ്സ്ബുക്കില്‍ ആവശ്യം ഉയര്‍ന്നു. ഇത്തരത്തിലുളള അക്രമപ്രവൃത്തിയിലൂടെ മതത്തെ ഇയാളാണ് അവഹേളിക്കുന്നതെന്ന് കാട്ടി ചിലര്‍ രംഗത്തെത്തി. തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പൊങ്ങച്ചം പറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്താണ് ഇയാള്‍ നേരത്തേ ട്രോളന്മാരുടെ ഇരയായത്. തുടര്‍ന്നാണ് ഇയാളുടെ മീമുകള്‍ ട്രോളിനായി വ്യാപകമായി ഉപയോഗിച്ചു പോന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ