മാൾഡ (പശ്ചിമ ബംഗാൾ): ഇന്ത്യൻ പ്രധാനമന്ത്രി ആരെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്നു പറഞ്ഞ തൊഴിലാളിയെ ഒരു സംഘം മർദിച്ചു. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന തൊഴിലാളിയെ നാലുപേർ ചേർന്നാണ് മർദിച്ചത്. പശ്ചിമ ബംഗാളിലാണ് സംഭവം.

മാൾഡ ജില്ലയിലെ ഹൗറാഹിൽനിന്നും കാലിയാചക്കിലേക്ക് ട്രെയിനിൽ വരികയായിരുന്നു അന്യസംസ്ഥാനക്കാരനായ തൊഴിലാളി. കുറച്ചു കഴിഞ്ഞപ്പോൾ ട്രെയിനിൽ കയറിയ നാലുപേർ യുവാവിന് സമീപത്തായി വന്നിരിക്കുകയും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ആരെന്നും ചോദിച്ചു. ഇന്ത്യയുടെ ദേശീയ ഗാനത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. ഉത്തരം അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് യുവാവിനെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് ഓഫിസർ പറഞ്ഞു. ബെൻഡേൽ സ്റ്റേഷൻ എത്തിയപ്പോൾ നാലംഗ സംഘം ട്രെയിനിൽനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

മെയ് 14 ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രാദേശിക എൻജിഒ പൊലീസിൽ പരാതി നൽകുകയായിരുന്നു. സഹയാത്രികർ പകർത്തിയ വീഡിയോയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി കാലിയാചക് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമൻ ചാറ്റർജി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ