കൊല്‍ക്കത്ത: രോഗിയുടെ വയറ്റില്‍ നിന്നും കാന്തം ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ആണികള്‍ നീക്കം ചെയ്തു. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ രണ്ട് മണിക്കൂറോളം നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് 639 ആണികള്‍ 48കാരന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത്. ഒരു കിലോഗ്രാമില്‍ അധികം തൂക്കം വരുന്ന ആണികളാണ് ആമാശയത്തില്‍ നിന്നും കണ്ടെടുത്തത്.

സ്കിസോഫ്രീനിയ എന്ന മാനസിക തകരാറുളളയാളാണ് രോഗി. വയറുവേദനയും ചര്‍ദ്ദിയും കാരണമാണ് ഇയാള്‍ ഡോക്ടര്‍മാരെ സമീപിച്ചത്. എന്‍ഡോസ്കോപിയുടെ സഹായത്തോടെ ഇയാളുടെ വയറ്റില്‍ ആണികള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും എക്‌സ്‌റേ നടത്തി ഇത് സ്ഥിരീകരിക്കുകയും ചെയ്തു.

2.5 ഇഞ്ച് നീളമുളള 639 ആണികളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. മിക്കതും വളഞ്ഞ രൂപത്തിലാണ് കണ്ടെത്തിയത്. ആമാശയത്തില്‍ അഴുക്കും കണ്ടെത്തി. മണ്ണോട് കൂടിയ ആണികളായിരിക്കണം ഇയാള്‍ കഴിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആണികള്‍ എടുക്കാന്‍ കാന്തമാണ് ഉപയോഗിച്ചതെന്നും രോഗിയുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സ്കിസോഫ്രീനിയ എന്നത് പലതരം അസാധാരണമായ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഗുരുതരമായ മാനസിക തകരാറാണ്. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ കാണുക, വിചിത്രവും ഭ്രമാത്മകവുമായ വിശ്വാസങ്ങള്‍ പുലര്‍ത്തുക തുടങ്ങിയ കാര്യങ്ങളാണ് സ്കിസോഫ്രീനിയ മൂലം ഒരു വ്യക്തിയില്‍ ഉണ്ടാകുന്നത്. ഇവര്‍ക്ക് സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരും. മറ്റുള്ളവര്‍ ഇവരെ സ്വന്തം ലോകത്ത് സ്വയം നഷ്ടപ്പെട്ടവരായി കാണുമ്പോള്‍ ഇവര്‍ക്കാകട്ടെ ഈ അസാധാരണ അനുഭവങ്ങള്‍ സത്യത്തില്‍ ഉള്ളതായി തോന്നുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ