ഹൈദരാബാദ്: തെലങ്കാനയില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചയാളെ ജനക്കൂട്ടം കല്ലെറിഞ്ഞു കൊന്നു. നിസാമാബാദ് ജില്ലയിലെ ദേങ്കേശ്വറില്‍ ശനിയാഴ്ച്ചയാണ് സംഭവം ഉണ്ടായത്. 45കാരനായ സായന്ന എന്നയാളെ മരത്തില്‍ കെട്ടിയിട്ടാണ് ജനക്കൂട്ടം കല്ലെറിഞ്ഞത്.

ജനക്കൂട്ടത്തിന്റെ ആക്രമത്തില്‍ പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ ഇയാള്‍ കഴിഞ്ഞ ദിവസം അയല്‍ക്കാരിയായ ഏഴു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ കുട്ടിക്ക് ചോക്ലേറ്റ് നല്‍കാമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ഏഴു വയസുകാരിയെ ആണ് കണ്ടത്. സമീപത്തെ ഒരു തോട്ടത്തില്‍ പണിയെടുക്കുന്ന കുട്ടിയുടെ രക്ഷിതാക്കളെ അയല്‍ക്കാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രതിയെ പിടിച്ച് മരത്തില്‍ കെട്ടിയിടുകയായിരുന്നു. വടികൊണ്ട് തല്ലിയ ഇയാള്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാളെ ചില നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെ ആക്രമിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ