മിഷിഗൺ: പെറ്റ് സ്റ്റോറിൽനിന്നും പെരുമ്പാമ്പിനെ മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവിനെ തിരഞ്ഞ് പൊലീസ്. യുഎസിലെ മിഷിഗണിലാണ് സംഭവം. പെറ്റ് സ്റ്റോറിൽ എത്തിയ യുവാവ് പെരുമ്പാമ്പിനെ പോക്കറ്റിലാക്കി കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തായത്.

യുവാവ് പെരുമ്പാമ്പിനെ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ റോക്‌വുഡ് പൊലീസ് ഡിപ്പാർട്മെന്റ് അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. സംഭവം നടന്ന് അഞ്ചു ദിവസത്തിനുശേഷമാണ് സ്റ്റോറിലെ ജീവനക്കാർക്ക് പെരുമ്പാമ്പിനെ കാണാനില്ലെന്ന് മനസിലായതെന്ന് റോക്‌വുഡ് പൊലീസ് ചീഫ് റാൻഡി ക്രൗസ് പറഞ്ഞു. സ്റ്റോറിൽ എവിടെയെങ്കിലും വച്ചാവും പെരുമ്പാമ്പ് കാണാതായതെന്നാണ് ജീവനക്കാർ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

‘ഐ ലവ് മൈ പെറ്റ്സ്’ സ്റ്റോറിൽ എലിയെ വാങ്ങാൻ എത്തിയതായിരുന്നു യുവാവ്. ഇതിനായി ആറു ഡോളർ നൽകിയതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. മോഷണം നടത്തുന്നതിനുമുൻപ് യുവാവ് പാമ്പുകളെ കുറിച്ച് തിരക്കിയതായി സ്റ്റോറിലെ ജീവനക്കാരി എമിലി പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് പേജിൽ മോഷണം പോയ പെരുമ്പാമ്പിന്റെ ചിത്രം എമിലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റോറിലേക്ക് പെരുമ്പാമ്പിനെ കൊണ്ടുവന്ന അതേദിവസം തന്നെയാണ് മോഷണം പോയതെന്നും മോഷണം നടത്തിയ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ റോക്‌വുഡ് പൊലീസ് ഡിപ്പാർട്മെന്റിൽ അറിയിക്കണമെന്നും എമിലി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook