/indian-express-malayalam/media/media_files/uploads/2023/06/Man-stays-at-Delhis-5-star-hotel-without-paying-bills-amounting-Rs-58-lakh-1.jpg)
അങ്കുഷ് ദീർഘനാൾ ഹോട്ടലിൽ താമസിക്കുന്നതിന് അവിടുത്തെ ജീവനക്കാർ വിവിധ രീതികളിൽ സഹായിച്ചു
ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരുമായി ഒത്തുചേർന്ന്, ഒരാൾ രണ്ടു വർഷത്തോളം പണമെന്നും അടയ്ക്കാതെ ഹോട്ടലിൽ കഴിഞ്ഞതായി റിപ്പോർട്ട്. 58 ലക്ഷം രൂപയുടെ കുടിശ്ശികയാണ് ഇയാളുടെ പേരിലുള്ളതെങ്കിലും അതൊന്നും അടയ്ക്കാതെയായിരുന്നു ആഡംബരവാസം. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിന് സമീപമുള്ള എയ്റോസിറ്റിയിലെ റോസേറ്റ് ഹൗസ് ഹോട്ടലിലാണ് തട്ടിപ്പ് നടന്നത്. ഐജിഐ എയർപോർട്ട് പൊലീസ് കേസെടുത്തു.
റോസേറ്റ് നടത്തുന്ന ബേർഡ് എയർപോർട്ട് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധി വിനോദ് മൽഹോത്ര നൽകിയ പരാതി പ്രകാരം, അങ്കുഷ് ദത്ത എന്നയാൾ 603 ദിവസം ഹോട്ടലിൽ താമസിച്ചു, ഇതിന് ചെലവായ 58 ലക്ഷം രൂപ നൽകാതെ ചെക്ക് ഔട്ട് ചെയ്‌തു.
റൂം നിരക്ക് തീരുമാനിക്കാൻ അധികാരമുള്ള ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി പ്രേം പ്രകാശിന് ഹോട്ടൽ കമ്പ്യൂട്ടർ സംവിധാനം ഉപയോഗിക്കാൻ കഴിയുമായിരുന്നു. എല്ലാ താമസക്കാരുടെയും കുടിശ്ശിക ഇതിൽ കണ്ടെത്താമെങ്കിലും ഹോട്ടൽ മാനദണ്ഡങ്ങൾ ലംഘിച്ച് അങ്കുഷിന്റെ താമസം അനുവദിച്ചുവെന്നും എഫ്‌ഐആർ ആരോപിക്കുന്നു.
അതിഥികളുടെ താമസം/സന്ദർശനം എന്നിവയും അവരുടെ അക്കൗണ്ടുകളും പരിപാലിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഇൻ-ഹൗസ് സോഫ്‌റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമം കാണിക്കാൻ അങ്കുഷ് പ്രേമിന് പണം നൽകിയിട്ടുണ്ടാകും എന്നാണ് കരുതുന്നത്.
"അങ്കുഷ് ദത്തയും പ്രേം പ്രകാശ് ഉൾപ്പെടെയുള്ള ചില ഹോട്ടൽ ജീവനക്കാരും ചേർന്ന് ഒരു ക്രിമിനൽ ഗൂഢാലോചന നടത്തി ഹോട്ടലിൽ താമസിക്കാൻ പദ്ധതിയുണ്ടാക്കിയെന്ന്," എഫ്‌ഐആറിൽ പറയുന്നു.
ഗൂഢാലോചനയുടെ പിൻബലത്തിൽ, ഹോട്ടലിലെ ചില ജീവനക്കാർ ഹോട്ടലിലെ സോഫ്‌റ്റ്‌വെയർ സിസ്റ്റത്തിൽ അതിഥിയായ അങ്കുഷ് ദത്തയുടെ അക്കൗണ്ടിലെ എൻട്രികൾ വ്യാജമാക്കുകയും ഇല്ലാതാക്കുകയും ചേർക്കുകയും ചെയ്‌തുവെന്നും അതിൽ പറയുന്നു.
2019 മേയ് 30നാണ് ഒരു ദിവസത്തെക്ക് അങ്കുഷ് ദത്ത ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. പിറ്റേ ദിവസം അതായത്, മേയ് 31നായിരുന്നു ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്നത്. അങ്കുഷ് തന്റെ താമസം 2021 ജനുവരി 22 വരെ നീട്ടിക്കൊണ്ടിരുന്നു.
ഒരു ഗസ്റ്റിന്റെ കുടിശ്ശിക 72 മണിക്കൂറിനുള്ളിൽ അടച്ചിട്ടില്ലെങ്കിൽ അവരുടെ വിവരങ്ങൾക്കും നിർദേശങ്ങൾക്കുമായി സിഇഒയുടെയും ഫിനാൻഷ്യൽ കൺട്രോളറുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ഹോട്ടൽ മാനദണ്ഡം. എന്നാൽ പ്രേം പ്രകാശ് അങ്കുഷിന്റെ കുടിശ്ശികയെക്കുറിച്ച് ഹോട്ടലിന്റെ സിഇഒയ്ക്കും എഫ്‌സിക്കും അയച്ചില്ല.
എഫ്‌ഐആർ പ്രകാരം, 2019 മെയ് 30 മുതൽ 2019 ഒക്ടോബർ 25 വരെ ഒരു കുടിശ്ശിക പേയ്‌മെന്റ് റിപ്പോർട്ടും പ്രേം ഉണ്ടാക്കിയിട്ടില്ല. ഒക്ടോബർ 25-ന് ശേഷം കുടിശ്ശികയുള്ള പേയ്‌മെന്റ് റിപ്പോർട്ട് സൃഷ്‌ടിച്ചപ്പോഴും, മറ്റ് താമസക്കാരുടെ തീർപ്പാകാത്ത ബില്ലുകൾ കൂട്ടിച്ചേർത്ത് അതിലും വ്യാജമായി ഉണ്ടാക്കി.
അങ്കുഷ് ദീർഘനാൾ താമസിക്കുന്നതിന് പ്രേം വിവിധ രീതികളിൽ സഹായിച്ചു. ദീർഘകാലം താമസിക്കാൻ സഹായിക്കുന്നതിന് പ്രകാശ് വിവിധ രീതികളിൽ പ്രവർത്തിച്ചതായി ഹോട്ടൽ ആരോപിച്ചു. ഹോട്ടലിൽ താമസിച്ചിരുന്ന മറ്റ് അതിഥികൾ അങ്കുഷിന്റെ പണം നൽകിയതായി വ്യാജരേഖ ചമയ്ക്കുകയും ചെയ്തു.
അങ്കുഷ് 10 ലക്ഷം, ഏഴ് ലക്ഷം, 20 ലക്ഷം എന്നിങ്ങനെ മൂന്ന് ചെക്കുകൾ പല തീയതികളിലായി നൽകിയിരുന്നു. എന്നാൽ അവയെല്ലാം ബൗൺസായി പക്ഷേ, പ്രേം അത് മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയില്ല.
"ക്രിമിനൽ കുറ്റകൃത്യങ്ങൾ, വിശ്വാസലംഘനം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അക്കൗണ്ടുകളിൽ കൃത്രിമം കാണിക്കൽ" എന്നിവ ചെയ്തതിനാൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഹോട്ടൽ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ കുറ്റങ്ങൾ തെളിഞ്ഞതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.