ഭോപ്പാല്‍: ബാങ്ക് വിളിക്കെതിരെ രംഗത്ത് വന്ന ബോളിവുഡ് ഗായകന്‍ സോനു നിഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു. മധ്യപ്രദേശിലെ ഗോപാല്‍പുരത്താണ് സംഭവം നടന്നത്. സോനു നിഗത്തിന്റെ പരാമര്‍ശത്തെ പിന്തുണച്ച ശിവം റായ് എന്നയാള്‍ക്കാണ് കുത്തേറ്റത്. മസ്ജിദുകളില്‍ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കര്‍ ഉപയോഗിക്കരുതെന്ന സോനു നിഗത്തിന്റെ നിലപാടിനെ പിന്തുണച്ച യുവാവിനെയാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്.

സോനു നിഗത്തിന്റെ നിലപാടിനെ പിന്തുണച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശിവത്തെ മുഹമ്മദ് നഗൌരി, ഫൈസല്‍ ഖാന്‍ എന്നിവര്‍ ഫോണില്‍ വിളിച്ച് ആദ്യം ഭീഷണിപ്പെടുത്തുകയായിരുന്നു. നേരിട്ട് കാണണമെന്ന് യുവാക്കള്‍ പറഞ്ഞതിനെ തുടര്‍ന്ന് ശിവം സുഹൃത്തിനേയും കൂട്ടി എത്തുകയായിരുന്നു. എന്നാല്‍ അക്രമികള്‍ കത്തി ഉപയോഗിച്ച് ഇയാളെ കുത്തിപ്പരുക്കേല്‍പിച്ചു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി കേട്ടാണ് മുസ്ലിം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സോനു നിഗം ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം എന്ന് നിര്‍ത്തലാക്കുമെന്നും അദ്ദേഹം ചോദിച്ചു. പിന്നാലെ അദ്ദേഹം മൊട്ടയടിച്ചതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

പ്രവാചകൻ മുഹമ്മദ് ഇസ്ലാം മതം സ്ഥാപിക്കുമ്പോൾ വൈദ്യുതി ഇല്ലായിരുന്നുവെന്നും എഡിസണിനു ശേഷം താൻ എന്തിന് ഈ അപസ്വരം കേൾക്കേണമെന്നും അദ്ദേഹം രണ്ടാം ട്വീറ്റില്‍ ചോദിച്ചു. മതകാര്യം ചെയ്യാത്തവരെ ഉണര്‍ത്താന്‍ ക്ഷേത്രങ്ങളിലോ ഗുരുദ്വാരകളിലോ വൈദ്യുതി ഉപയോഗിച്ചുള്ള ഇത്തരം രീതികള്‍ സ്വീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം ഉയര്‍ന്നു.

ചിലര്‍ അദ്ദേഹത്തിന്റെ വാക്കുകളെ അനുകൂലിച്ചും രംഗത്തെത്തി. നമ്മുടെ രാജ്യത്തെ മതങ്ങളുടെ വൈവിധ്യത്തെ ബഹുമാനിക്കാനാണ് സോനു പഠിക്കേണ്ടതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. വിവിധങ്ങളായ മതങ്ങളെ പിന്തുടരുന്നവര്‍ ജീവിക്കുന്ന ഒരു രാജ്യത്ത് സഹിഷ്ണുതയാണ് വേണ്ടതെന്നും ട്വിറ്റര്‍ ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.

ലക്ഷക്കണക്കിന് മുസ്ലിംങ്ങള്‍ ജീവിക്കുന്ന ഇന്ത്യയില്‍ സോനു നിഗത്തിന് ഉറങ്ങാന്‍ കഴിയാത്തതിന്റെ പേരില്‍ ബാങ്ക് നിരോധിക്കണമെന്ന് പറയുന്നതില്‍ എവിടെയാണ് സഹിഷ്ണുതയുള്ളതെന്ന് മറ്റൊരു ഉപയോക്താവും ചോദിച്ചു. എന്നാല്‍ സോനു നിഗത്തെ പിന്തുണച്ചും ചിലര്‍ രംഗത്ത് വന്നത് ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് ഒരു മുസ്ലിം പണ്ഡിതനും സോനുവിനെതിരെ രംഗത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ