ജയ്‌പൂര്‍: സ്വന്തം വണ്ടികള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കി നിര്‍ത്താനാണ് എല്ലാവര്‍ക്കും താൽപര്യം. അതിനു വേണ്ടി എത്ര പണം വേണെങ്കിലും മുതല്‍ മുടക്കാനും ചിലര്‍ തയ്യാറാണ്. നിറം മാറ്റുക, ബോഡിയില്‍ പാര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുക എന്നിങ്ങനെ പലതും. അതുപോലെ തന്നെയാണ് പലരും നമ്പര്‍ തിരഞ്ഞെടുക്കുന്നതും. ഇഷ്ടമുള്ള നമ്പര്‍പ്ലേറ്റ് കിട്ടാന്‍ പണം വാരിയെറിയുന്നത് ഒരു പതിവ് കാഴ്‌ചയാണ്. എന്നാല്‍ ഒരു നമ്പര്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങള്‍ നല്‍കുക എന്നതൊക്കെ കൊഞ്ചം ഓവര്‍ ആണെന്ന് ചിലപ്പോള്‍ തോന്നും.

ജയ്‌പൂരില്‍ നിന്നുള്ള രാഹുല്‍ തനേജയാണ് കാറിന് ഇഷ്ട നമ്പര്‍പ്ലേറ്റ് കിട്ടാന്‍ 16 ലക്ഷം രൂപ മുടക്കിയത്. പുതിയതായി വാങ്ങിയ ജാഗ്വർ എക്സ്ജെ എല്ലിനുവേണ്ടിയാണ് ഇത്രയും തുക ചെലവിട്ടത്. ഫാന്‍സി നമ്പറായ ‘1’ ലഭിക്കാനായിരുന്നു ഈ 37 വയസ്സുകാരന്റെ ശ്രമം. ജയ്‌പൂര്‍ ആര്‍ടിഒ ഓഫീസില്‍ നമ്പര്‍ റജിസ്ട്രേഷന് ചിലവഴിച്ച എക്കാലത്തെയും ഏറ്റവും വലിയ തുകയാണിത്.

ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നടത്തുന്ന രാഹുല മാര്‍ച്ച് 25 നാണ് 1.50 കോടി ചിലവാക്കി ജാഗ്വര്‍ വാങ്ങിയത്. പക്ഷേ ഇഷ്ട നമ്പറായ ‘ആര്‍ജെ 45 സിജി 0001’ ലഭിക്കാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് ഒന്നരമാസത്തോളം സമയമാണ്. തനേജയുടെ എല്ലാ വാഹനങ്ങളുടെയും നമ്പര്‍ ‘001’ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറിലുമുണ്ട് അഞ്ചു ഒന്നുകള്‍.

ഇഷ്ട നമ്പറുകള്‍ ലഭിക്കാന്‍ ഇദ്ദേഹം 16 ലക്ഷം മുടക്കി എന്ന് കേട്ട് കണ്ണ് തള്ളാന്‍ വരട്ടെ. ഈ വര്‍ഷമാദ്യം ‘F1’ എന്ന നമ്പര്‍ വില്‍പ്പനയ്‌ക്ക് വച്ചത് 132 കോടി രൂപയ്ക്കാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ