പാരീസ്: പാരീസിലെ ഒർലി വിമാനത്താവളത്തിൽ തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ച അക്രമിയെ സൈനികൻ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തെ തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിൽനിന്ന് ഒഴിപ്പിച്ചു.
സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് വിമാനത്താവളത്തിൽ പോലീസ് തെരച്ചിൽ നടത്തുകയാണ്. പ്രദേശിക സമയം രാവിലെ 8.30നാണ് സംഭവമുണ്ടായത്. തോക്ക് കൈവശപ്പെടുത്താൻ ശ്രമിച്ചയാൾ വിമാനത്താവളത്തിലെ ഒരു കടയിലേക്ക് ഓടിക്കയറിയെന്നും ഇതിനിടെ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് മരിക്കുകയുമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് എ.എഫ്.പി റിപ്പോർട്ട് ചെയ്തു. മറ്റാർക്കും അപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.കൊല്ലപ്പെട്ടയാൾ ആരാണെന്നു പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.