ധാക്ക: പ്രഭാത ഭക്ഷണത്തിൽ മുടി കണ്ടതിനെ തുടർന്നു ഭാര്യയുടെ തല മൊട്ടയടിച്ച ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും പരാതിപ്പെട്ടതിനെ തുടർന്നും സമ്മർദം ചെലുത്തിയതിനെ തുടർന്നുമാണ് ബാബു മണ്ഡൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
വടക്കുപടിഞ്ഞാറൻ ജില്ലയായ ജോയ്പൂർഹട്ടിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. “പ്രഭാത ഭക്ഷണമായി നൽകിയ ചോറിലും പാലിലും ഒരു മുടി കണ്ടു. ഇതിൽ കുപിതനായ ഭർത്താവ് ഭാര്യയെ കുറ്റപ്പെടുത്തുകയും പിന്നീട് ബ്ലേഡ് കൊണ്ട് ബലം പ്രയോഗിച്ച് ഭാര്യയുടെ തല മൊട്ടയടിച്ചു,” ലോക്കൽ പൊലീസ് ഉദ്യോഗസ്ഥനായ ഷെഹ്‌ര്യാർ ഖാർ പിടിഐയോട് പറഞ്ഞു.
ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗ്രാമത്തിൽ പരിശോധന നടത്തി. ഇതേ തുടർന്നായിരുന്നു അറസ്റ്റ്. ബാബുവിന്റെ പേരിൽ മനഃപൂർവ്വമായ ദേഹോപദ്രവത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് 14 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ചൂഷണം ചെയ്യുന്നതും അവർക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും നിരവധി നിയമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അടിച്ചമർത്തലുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നും ബംഗ്ലാദേശിലെ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ദിവസത്തിൽ മൂന്ന് ബലാത്സംഗങ്ങൾ ബംഗ്ലാദേശിൽ നടക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
ജനുവരി മുതൽ ജൂൺ വരെ ബലാത്സംഗത്തിനിരയായ 630 സ്ത്രീകളിൽ 37 പേർ കൊല്ലപ്പെട്ടു. ഏഴ് പേർ ആത്മഹത്യ ചെയ്തു. 105 ബലാത്സംഗ ശ്രമങ്ങൾ നടന്നിട്ടുണ്ട്.