മുംബൈ: രാവിലെ വൈകി ഉണരുന്നതും രുചികരമായ ഭക്ഷണം ഉണ്ടാക്കാത്തതും വിവാഹമോചനത്തിനുളള കാരണമാണോ? ഇത്തരത്തിലൊരു വിചിത്രമായ സംഭവമാണ് മുംബൈ ഹൈക്കോടതിക്ക് മുന്നിൽ എത്തിയത്. മുംബൈയിലെ സാന്താക്രൂസ് നിവാസിയായ യുവാവാണ് ഭാര്യക്കെതിരെ കോടതിയെ സമീപിച്ചത്.

എന്നാൽ നേരത്തേ കുടുംബകോടതി തളളിയ കേസിൽ ഹൈക്കോടതിയെ സമീപിച്ച യുവാവിനെ മുംബൈ ഹൈക്കോടതിയും കൈയ്യൊഴിഞ്ഞു. ഇത് ഭർത്താവിനോട് ചെയ്ത ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പറഞ്ഞാണ് ഭർത്താവിന്റെ ഹർജി കോടതി തളളിയത്.

ജസ്റ്റിസുമാരായ കെ.കെ.താതേദ്, സാരംഗ് കോട്‌വാൽ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇന്നലെ കേസ് തളളിയത്. പരാതിക്കാരന്റെ ഭാര്യയും തൊഴിൽ ചെയ്യുന്നുണ്ട്. ഇത് പരിഗണിച്ച കോടതി പച്ചക്കറി വാങ്ങുക, പാചകം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഭാര്യയ്ക്ക് അധികജോലിഭാരം അടിച്ചേൽപ്പിക്കുന്നത് പോലെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

അതിരാവിലെ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ച തന്നെയും അച്ഛനെയും അമ്മയെയും ഭാര്യ ചീത്ത വിളിച്ചുവെന്നും ഹർജിയിൽ പറയുന്നു. “വൈകിട്ട് ആറ് മണിക്ക് ജോലി കഴിഞ്ഞെത്തുന്ന ഭാര്യ രാത്രി 8.30 യ്ക്കാണ് അടുക്കളയിൽ കയറുന്നത്. ഞാൻ വന്നുകയറുമ്പോൾ ഒരു ഗ്ലാസ് വെളളം പോലും അവൾ തരാറില്ല,” പരാതിക്കാരൻ പറഞ്ഞു.

എന്നാൽ ഭർത്താവിന്റെ വാദങ്ങളെല്ലാം തളളിയ യുവതി രാവിലെ ജോലിക്ക് പോകും മുൻപ് എല്ലാവർക്കും വേണ്ട ഭക്ഷണം താൻ ഉണ്ടാക്കാറുണ്ടെന്ന് വാദിച്ചു. അയൽക്കാരുടെയും ഭർത്താവിന്റെ ബന്ധുക്കളുടെയും വാദങ്ങൾ തെളിവായി ചൂണ്ടിക്കാട്ടിയാണ് യുവതി വാദിച്ചത്. തങ്ങൾ വീട്ടിലേക്ക് വരുമ്പോഴെല്ലാം യുവതി അടുക്കളയിൽ ജോലിത്തിരക്കിലായിരുന്നുവെന്നാണ് ഇവരുടെ മൊഴി.

പരാതിക്കാരന്റെ വാദങ്ങൾ വിശ്വസിക്കാൻ സാധിക്കുന്നതല്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. “രാവിലെയും വൈകിട്ടും ഭക്ഷണം ഉണ്ടാക്കുന്നതും പച്ചക്കറികൾ വാങ്ങുന്നതും വസ്ത്രം അലക്കുന്നതുമടക്കം എല്ലാ ജോലികളും തൊഴിൽ ചെയ്ത് ജീവിക്കുന്ന ഭാര്യക്ക് അധിക ജോലിഭാരമാണ്,” എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വെള്ളം നൽകിയില്ലെന്ന പരാതിക്കാരന്റെ വാദത്തെ രൂക്ഷമായി വിമർശിച്ച കുടുംബകോടതി ജഡ്ജിയുടെ പരാമർശങ്ങളെ ഹൈക്കോടതി ശരിവച്ചു. പരാതിക്കാരന്റെ വാദങ്ങളിൽ ഒരു തരിമ്പുപോലും ന്യായമില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അപ്പീൽ ഹർജി തളളിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook