ഹൈദരാബാദ്: തെലങ്കാന വിഭജനത്തിന് ശേഷം ആന്ധ്രയ്ക്ക് ഉറപ്പുനൽകിയിരുന്ന പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് 29കാരനായ യുവാവ് ആത്മഹത്യ ചെയ്തത്.
മദനപളളി നഗരത്തിലെ രാമ റാവു കോളനിയിലെ നെയ്ത്തുതൊഴിലാളിയായ എൻ.സുധാകറാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്. ശുചീകരണ തൊഴിലാളികളായ ഇദ്ദേഹത്തിന്റെ അച്ഛൻ രാമചന്ദ്രനും സരോജിനിയമ്മയും ഈ സമയം ജോലിക്ക് പുറത്തുപോയിരിക്കുകയായിരുന്നു.
“ആന്ധ്രയുടെ പ്രത്യേക പദവി ഞങ്ങളുടെ അവകാശം,” എന്നാണ് ഇദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നത്. ആന്ധ്രയുടെ പ്രത്യേക പദവിക്ക് വേണ്ടിയുളള സമരത്തിൽ വളരെ ശക്തമായി പങ്കെടുത്ത തൊഴിലാളിയായിരുന്നു സുധാകറെന്നാണ് വിവരം.
മരിക്കും മുൻപ് മദനപ്പളളിയിലെ അനാഥാലയത്തിന് 5000 രൂപ സംഭാവന ചെയ്തതിന്റെ രസീത് ഇദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്ന് ലഭിച്ചു.
സുധാകറിന്റെ മരണത്തിൽ തെലുങ്കുദേശം പാർട്ടി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു കടുത്ത ദുഃഖം രേഖപ്പെടുത്തി. ആരും ഇതുപോലെ ആത്മഹത്യ ചെയ്യരുതെന്നും കേന്ദ്ര സർക്കാരിനെതിരെ ശക്തമായ സമരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുധാകറിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനാശ്വാസം പ്രഖ്യാപിച്ചു.
വൈഎസ്ആർ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാജശേഖര റാവുവും ആത്മഹത്യയിൽ ദുഃഖം രേഖപ്പെടുത്തി. കേന്ദ്രത്തിന്റെ ആന്ധ്രയോടുളള അവഗണനയിൽ പ്രതിഷേധിച്ച് തെലങ്കാനയിലെ വാറങ്കൽ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം ഡൽഹിയിൽ മൊബൈൽ ടവറിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.