ലക്‌നൗ: യോഗി ആദിത്യനാഥിന്റെ കീഴിലെ ഭരണത്തിൽ നിയമവാഴ്ച തകർന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെ വീണ്ടും ഉത്തർപ്രദേശിൽ ആൾക്കൂട്ട കൊലപാതകം. പൊലീസ് വാനിൽ നിന്നും വലിച്ചിറക്കി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ശാമിലി ജില്ലയിലാണ് സംഭവം അരങ്ങേറിയത്. സംഭവം നടക്കുമ്പോൾ പൊലീസ് നിഷ്‌ക്രിയരായി നോക്കി നിന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മദ്യപിച്ചിരുന്ന യുവാവ് ഗ്രാമവാസികളുടെ ദേഹത്ത് തുപ്പി എന്നാരോപിച്ചാണ് ആക്രമണം ആരംഭിച്ചത്. യുവാവിനെ മർദ്ദിച്ചതിന് ശേഷം പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷവും നാട്ടുകാരുടെ മർദ്ദനം തുടർന്നു. പൊലീസിന്റെ ഡയൽ-100 വാനിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വാനിൽ നിന്നും യുവാവിനെ വലിച്ചിറക്കുന്നതും പൊലീസ് നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കൾ പ്രതിഷേധം ആരംഭിച്ചു. അതേസമയം, യുവാവ് പൊലീസ് കസ്റ്റഡിയിൽ വച്ചല്ല മരിച്ചതെന്നും എന്നാൽ ഉന്നത അധികാരികളെ സംഭവത്തെക്കുറിച്ച് അറിയിക്കാത്തതിന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുവെന്നും ശാമിലി എസ്‌പി അജയ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

യോഗി ആദിത്യനാഥിന്റെ കീഴിൽ ഉത്തർപ്രദേശിൽ നിയമവാഴ്ച തകർന്നു. സംസ്ഥാനത്തെ ക്രമസമാധാന നില അപകടത്തിലാണ്. അതിനാൽ തന്നെ ജനങ്ങൾ പരിഭ്രാന്തരാണ്. ഇതെല്ലാം സർക്കാരിന്റെ വീഴ്ചയാണെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞു.

അടുത്തിടെ ഉത്തർപ്രദേശ് സർക്കാരിനെതിരെ വ്യാജ ഏറ്റുമുട്ടൽ വിവാദവും ഉയർന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook