ജമ്മു കശ്മീർ ബ്യൂറോക്രാറ്റുകളുമായി ഉന്നതതല കൂടിക്കാഴ്ചകൾ, പഞ്ച നക്ഷത്ര ഹോട്ടലുകളിലെ താമസവും ഇസഡ് പ്ലസ് സുരക്ഷയുമൊക്കെയായി പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) അഡീഷണൽ ഡയറക്ടറായി (പ്ലാനിംഗ് ആൻഡ് സ്ട്രാറ്റജി) ചമഞ്ഞ കിരൺ ജെ പട്ടേലിന് കശ്മീരിൽ വച്ച് പിടി വീണു.
പിഎംഒ ഉദ്യോഗസ്ഥൻ ചമഞ്ഞ കിരൺ ജെ പട്ടേലിനെ രണ്ടാഴ്ച മുൻപ് അറസ്റ്റ് ചെയ്തതായി വെള്ളയാഴ്ച ജമ്മു& കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ന്യൂഡൽഹിയിലെ നിന്നു ഒരാൾ നൽകിയ വിവരമനുസരിച്ച് മാർച്ച് രണ്ടിനാണ് ശ്രീനഗറിലെ ഹോട്ടൽ ലളിത് ഗ്രാൻഡ് പാലസ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽനിന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ റിമാൻഡ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചു.
നടപടികളെക്കുറിച്ച് പിഎംഒ അന്വേഷിച്ചശേഷമാണ് അഹമ്മദാബാദ് സ്വദേശിയായ പട്ടേലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിശ്വാസ വഞ്ചന, വഞ്ചനക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീങ്ങനെ കുറ്റങ്ങൾ ചുമത്തി ഗുജറാത്തിൽ പട്ടേലിനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലണ്ടനിലാണ് പട്ടേൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് പഠിച്ചതെന്ന് അഹമ്മദാബാദിലെ വൃത്തങ്ങൾ പറഞ്ഞു.
ശ്രീനഗറിലെ ഹോട്ടലിൽനിന്നു പിടികൂടുന്ന സമയത്ത്, പട്ടേലിനൊപ്പം പിഎംഒ ഉദ്യോഗസ്ഥർ എന്ന് നേരത്തെ പരിചയപ്പെടുത്തിയ മറ്റു മൂന്ന് പേർ കൂടി ഉണ്ടായിരുന്നു. ഗുജറാത്തിൽ നിന്നുള്ള അമിത് പാണ്ഡ്യ, ജയ് സിതാപൂർ, രാജസ്ഥാനിൽ നിന്നുള്ള ത്രിലോക് സിങ് എന്നിവരാണ് അതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ, അവർ കശ്മീർ വിട്ടുപോയതായും കേസിൽ ” ബന്ധപ്പെട്ട വ്യക്തികളെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടെന്നും” എന്ന് ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെട്ടു. .
ദക്ഷിണ കശ്മീരിൽ നിയോഗിക്കപ്പെട്ട ഒരു ഡപ്യൂട്ടി കമ്മീഷണറുടെ ശുപാർശ പ്രകാരം മുൻപ് പട്ടേൽ കശ്മീരിലേക്ക് നടത്തിയ രണ്ടു സന്ദർശനങ്ങളിലും പഞ്ചനക്ഷത്ര താമസ സൗകര്യവും വിശദമായ സുരക്ഷയും നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പട്ടേൽ പിഎംഒ ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിച്ച ഡപ്യൂട്ടി കമ്മീഷണർ, സെക്യൂരിറ്റി വിംഗ് സീനിയർ സൂപ്രണ്ടിനെ (എസ്‌എസ്‌പി) നേരിട്ട് വിളിച്ച് പട്ടേലിന്റെ സുരക്ഷ ഒരുക്കണമെന്ന് ശുപാർശ ചെയ്തു.
പട്ടേലിന്റെ സുരക്ഷായുടെ ഭാഗമായി, ഒരു ബുള്ളറ്റ് പ്രൂഫ് സ്പോർട്സ് യൂട്ടിലിറ്റി വാഹനവും ( എസ് യു വി) രണ്ട് സീമ ശാസ്ത്ര ബൽ (എസ്എസ്ബി) എസ്കോർട്ട് കാറുകളും നൽകിയതായി പൊലീസ് പറഞ്ഞു. നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും വിരുദ്ധമായിട്ടായിരുന്നു ഇത്, കാരണം സാധാരണ ഇത്തരം സാഹചര്യങ്ങളിൽ പിഎംഒയിൽനിന്നു രേഖാമൂലമുള്ള നിർദ്ദേശം നൽകാറുണ്ട്.
നേരത്തെ കശ്മീർ സന്ദർശിച്ച സമയത്ത് എടുത്ത നിരവധി ചിത്രങ്ങളും വീഡിയോകളും പട്ടേൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 17 ന്, ഉറിയിലെ നിയന്ത്രണ രേഖയിലെ അവസാന പോയിന്റായ അമൻ സേതുവിൽനിന്നെടുത്ത ഫോട്ടോ പട്ടേൽ ട്വിറ്ററിൽ പങ്ക് വച്ചിരുന്നു. ഫെബ്രുവരി 18, 20 തീയതികളിൽ ഗുൽമാർഗ് സ്കീ റിസോർട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഫെബ്രുവരി 22 ന് ശ്രീനഗറിലെ ശങ്കരാചാര്യ ക്ഷേത്രത്തിൽ ക്യൂ നിൽക്കുന്ന ഭക്തരുടെ ഫോട്ടോകളാണ് പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 23ന് തന്റെ സുരക്ഷാ വിശദാംശങ്ങൾ കാണിക്കുന്ന ഒരു വീഡിയോയാണ് പങ്കുവച്ചത്. തെക്കൻ കശ്മീരിലെ കുൽഗാമിലെ അഹർബൽ വെള്ളച്ചാട്ടത്തിനടുത്ത് നിൽക്കുന്ന വീഡിയോയും ട്വിറ്ററിലുണ്ട്.
പട്ടേൽ ജമ്മു കശ്മീരിലെ ഉദ്യോഗസ്ഥരുമായി നിരവധി മീറ്റിങ്ങുകൾ നടത്തുകയും ആപ്പിൾ ഉൽപാദനം വർധിപ്പിക്കുന്നതിനെപ്പറ്റിയും ഹോർട്ടികൾച്ചർ വ്യവസായം പ്രോൽസാഹിപ്പിക്കുന്നതിനുള്ള സെമിനാറുകളും നടത്തി. ഗുൽമാർഗ് സന്ദർശന വേളയിൽ, പ്രദേശത്തെ ഹോട്ടൽ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ തന്നെ ചുമതലപ്പെടുത്തിയതായി പട്ടേൽ അവകാശപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ധൂതപത്രി ഹെൽത്ത് റിസോർട്ടിൽവച്ച് പട്ടേൽ ചില ഉദ്യോഗസ്ഥരെ ശാസിക്കുകയും അവരെ സ്ഥലം മാറ്റുമെന്ന് പറയുകയും ചെയ്തിരുന്നു. ബ്യൂറോക്രസിയിൽ അടുത്തിടെ നടന്ന പുനഃസംഘടനയുടെ പിന്നിൽ താനാണെന്ന അവകാശവാദവും പട്ടേൽ ഉന്നയിച്ചു.
പട്ടേലിന്റെ പ്രവർത്തികളിൽ ചില ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയെങ്കിലും “പിഎംഒയിൽ നിന്നുള്ള ഒരു അഡീഷണൽ ഡയറക്ടർ”ക്കെതിരെ പരാതിപ്പെടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഡൽഹിയിൽ നിന്നുള്ള ഒരു ഇൻഫോർമർ പട്ടേലിന്റെ യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ച് ജമ്മു കശ്മീർ പൊലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) രഹസ്യവിവരം നൽകിയപ്പോൾ പട്ടേലിന്റെ മൂഖംമൂടി അഴിഞ്ഞുവീണു.
“2023 മാർച്ച് രണ്ടിന്, ജമ്മു കശ്മീർ പൊലീസിന്റെ സിഐഡി വിഭാഗം കശ്മീരിൽ ഒരു ആൾമാറാട്ടക്കാരന്റെ വരവിനെക്കുറിച്ച് പൊലീസിന് വിവരം നൽകി. എസ്എസ് പി ശ്രീനഗർ എസ് പി ഈസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ലളിത് ഹോട്ടലിലേക്ക് അയച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ താമസിക്കുന്ന ജുദ്ദേഷ് ഭായ് പട്ടേലിന്റെ മകൻ കിരൺ ഭായ് പട്ടേൽ, ന്യൂഡൽഹിയിലെ പിഎംഒ അഡീഷണൽ ഡയറക്ടർ (സ്ട്രാറ്റജി ആൻഡ് കാമ്പെയ്‌നുകൾ) ആയി ആൾമാറാട്ടം നടത്തുകയായിരുന്നു. പട്ടേലിന്റെ മറുപടികളിൽ സംശയം തോന്നിയതിനാൽ നിഷാത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പട്ടേൽ കുറ്റം സമ്മതിച്ചു. പത്ത് വ്യാജ വിസിറ്റിങ്ങ് കാർഡുകളും രണ്ട് മൊബൈലുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
തീവ്രവാദി ആക്രമണം നടന്ന ഒരു സ്ഥലത്തെ സുരക്ഷാ പ്രവർത്തനങ്ങളുടെ വിവരങ്ങളെക്കുറിച്ച് , ഒരു പൊലീസ് ഉദ്യോഗസ്ഥനോട് വാചാലനായപ്പോൾ പട്ടേലിനെകുറിച്ച് സിഐഡി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതായി ജമ്മു കശ്മീർ പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.മറ്റ് പല സംസ്ഥാനങ്ങളിലെ പൊലീസിന്റെ അധികാരപരിധികളിൽനിന്നും വ്യത്യസ്തമായി, ജമ്മു കശ്മീർ സിഐഡി ഇന്റലിജൻസ് വിഭാഗവും കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ പട്ടേലിന് ഈ വ്യത്യാസം അറിയില്ലായിരുന്നു. പട്ടേലിനെ കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥൻ മേധാവികളെ ഈ വിവരം അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 419 (ആള്‍മാറാട്ടം), 420 (വഞ്ചനയും അവിശ്വസ്‌തത), 467 (സെക്യൂരിറ്റിയ്ക്കായി വ്യാജരേഖ), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 ( വ്യാജരേഖ ഉപയോഗം) എന്നിവ പ്രകാരമാണ് പട്ടേലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പട്ടേലിന്റെ അഭിഭാഷകൻ റയാൻ അഹമ്മദ്, തന്റെ കക്ഷിയും കുടുംബവും അവർക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും വ്യാജവുമാണെന്നും അറസ്റ്റ് ഗുജറാത്തിലെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പ്രതിഫലനമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.
“പട്ടേൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. അതിനർത്ഥം പട്ടേൽ സാധാരണക്കാർക്ക് പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ അതിക്രമിച്ച് പോയി എന്നാണ് അവർ പറയുന്നത്. എന്നാൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് അദ്ദേഹം പോയത്. എങ്ങനെയാണ് എന്റെ കക്ഷിക്ക് അത് ചെയ്യാൻ സാധിച്ചത്? പ്രോട്ടോക്കോളിന് ശരിയായ ഡോക്യുമെന്റേഷൻ ആവശ്യമാണ്. പട്ടേലുമായും കുടുംബവുമായും നടത്തിയ സംഭാഷണമനുസരിച്ച്, ഒരിക്കൽ അവർ കശ്മീർ സന്ദർശിച്ചിട്ടുണ്ടെന്നും പട്ടേൽ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നതിന് സർക്കാരിൽ നിന്ന് ശരിയായ രേഖയുണ്ടെന്നും “പട്ടേലിന്റെ അഭിഭാഷകൻ പറഞ്ഞു.
പട്ടേലിനൊപ്പം മൂന്നു പേരുണ്ടായിരുന്ന എന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും തന്റെ കക്ഷിയ്ക്കൊപ്പം രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. “എന്റെ കക്ഷിയിൽനിന്നു അദ്ദേഹത്തിന്റയൊപ്പം രണ്ട് പേർ കൂടി ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. സെക്ഷൻ 164 പ്രകാരം പൊലീസ് അവരിൽ ഒരാളുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുകയും മറ്റൊരാളെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ വിട്ടയക്കുകയും ചെയ്തു,” അഭിഭാഷകൻ ആരോപിച്ചു.
“വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും ഐഐഎം-ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ട്രിച്ചി) യിൽ നിന്ന് എംബിഎയും നേടിയതായി പട്ടേൽ തന്റെ ട്വിറ്റർ പ്രൊഫൈലിൽ കുറിച്ചിരിക്കുന്നു. ഡോ.കിരൺ ജേ പട്ടേൽ എന്നതാണ് ട്വിറ്റർ ഹാൻഡിലിൽ പേര് നൽകിയിരിക്കുന്നത്. ചിന്തകൻ, തന്ത്രജ്ഞൻ, വിശകലന വിദഗ്ധൻ, ക്യാപെയ്ൻ മാനേജർ എന്നീ വിശേഷണങ്ങളും നൽകിയിട്ടുണ്ട്. ഫെബ്രുവരി 11-ന് ഒരു ട്വീറ്റിൽ ഓസ്‌ട്രേലിയയിലെ ടോങ്കോയിലെ കോമൺവെൽത്ത് വൊക്കേഷണൽ യൂണിവേഴ്‌സിറ്റിയിൽ അക്കാദമിക് ഡയറക്ടറായി നിയമിക്കപ്പെട്ടതായി അറിയിച്ചുകൊണ്ട് ഒരു കത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്,”.
പൊലീസിനെയും സിവിൽ ഉദ്യോഗസ്ഥരെയും മാത്രമല്ല, കശ്മീരിലെ നിരവധി ബിജെപി നേതാക്കളെയും പട്ടേൽ കബളിപ്പിച്ചു. പട്ടേലിനൊപ്പം ചിത്രമെടുത്തവരിൽ കശ്മീരിന്റെ ബിജെപി മീഡിയ ഇൻചാർജ് മൻസൂർ ഭട്ടും ഉഭൾപ്പെടുന്നു. പട്ടേൽ പിഎംഒ ഉദ്യോഗസ്ഥനാണെന്ന് തന്നെ പരിചയപ്പെടുത്തിയതായി മൻസൂർ ഭട്ട് പറയുന്നു.
“കഴിഞ്ഞ ഒക്ടോബറിൽ എനിക്ക് അജ്ഞാത നമ്പറിൽനിന്നു കോൾ വന്നിരുന്നു. താൻ പിഎംഒയിൽ നിന്നാണെന്നും ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ പ്രധാനമന്ത്രിയ്ക്ക് താൽപ്പര്യമുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു. 20 ദിവസത്തിന് ശേഷം എനിക്ക് വീണ്ടും കോൾ വന്നു. താൻ ശ്രീനഗറിലുണ്ടെന്നും എന്നെ കാണണമെന്നും പറഞ്ഞു. ലളിത് പാലസ് ഹോട്ടലിൽഎത്തിയപ്പോൾ അവിടെ അദ്ദേഹത്തെ കാണാൻ ഒരുപാട് പേർ കാത്തുനിന്നിരുന്നു. സുരക്ഷാ സംവിധാനം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. തന്റെ ഐഡി കാർഡ് കാണിച്ചു എന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും പരിചയപ്പെടുത്തി. തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചതിനാൽ, ബിജെപിയുടെ ജമ്മു കശ്മീർ പ്രസിഡന്റ് രവീന്ദർ റെയ്‌നയ്ക്ക് കത്തെഴുതാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു,” ഭട്ട് പറഞ്ഞു.
“തന്റെ ഐഡന്റിറ്റി ആരോടും വെളിപ്പെടുത്തരുതെന്ന് പട്ടേൽ പറഞ്ഞപ്പോൾ തനിക്ക് അൽപ്പം സംശയം തോന്നിയെന്ന് ഭട്ട് പറഞ്ഞു. ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ തന്റെ ജീവൻ അപകടത്തിലാകുമെന്നും പട്ടേൽ പറഞ്ഞു. അന്ന് മാത്രമാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്, ”ഭട്ട് പറഞ്ഞു.
പട്ടേലിനൊപ്പമുള്ള തന്റെ ചിത്രം ആരാണ് എടുത്തതെന്ന് ഓർമയില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. “ഞാൻ അറിയപ്പെടുന്ന വ്യക്തിയാണ്. ആളുകൾ എന്നോട് സംസാരിക്കുകയും എന്നോടൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നു. അതിലൊന്നും കാര്യമില്ല, ” ഭട്ട് വിശദീകരിച്ചു. “പട്ടേലിന്റെ ഭാര്യ മാലിനി” എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ കേസിനെക്കുറിച്ച് ഇന്ത്യൻ എക്സപ്രസിനോട് സംസാരിക്കാൻ വിസമ്മതിച്ചു.
അഹമ്മദാബാദിലെ മണിനഗർ ഘോഡസർ ഏരിയയിൽ 127 ബംഗ്ലാവുകളുള്ള ഒരു സൊസൈറ്റിയിലാണ് ഇവർ വാടകയ്ക്ക് താമസിക്കുന്നത്. ഏകദേശം 3-4 വർഷം മുമ്പാണ് ഇവർ ഇവിടേക്ക് എത്തിയതെന്ന് അയൽവാസി പറഞ്ഞു. എനിക്ക് പട്ടേലിനെ വ്യക്തിപരമായി അറിയില്ലായിരുന്നു. മുഖം പരിചയം മാത്രമേയുള്ളൂ. ഇവിടെ അദ്ദേഹത്തിന് വീടുണ്ടെങ്കിലും പൊതുവെ ഇവിടെ കാണാറില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴാണ് ഞാൻ മുഴുവൻ പേര് പോലും അറിയുന്നത്, ”അയൽക്കാരൻ പറഞ്ഞു.