അബുദാബി: പതിനൊന്നുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയയാൾ പിടിയിൽ. മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. 33കാരനായ പാക് പൗരന്‍ ആണ് പിടിയിലായത്. അസാന്‍ മജീദ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.

മാസങ്ങൾ നീണ്ട തയാറെടുപ്പുകള്‍ക്ക് ശേഷമാണ് ഇയാൾ കൊല നടത്തിയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞതായി അൽഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. എസി മെക്കാനിക്കാണ് പ്രതി.

കൊലപാതകം, പീഡനം, ആള്‍മാറാട്ടം, ഗതാഗത നിയമം ലംഘിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. യുവാവ് കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വീട്ടുകാരോടും കുട്ടിയോടും ഇയാള്‍ അമിത സ്‌നേഹം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. കുട്ടിയും പിതാവും എല്ലാ ദിവസവും പള്ളിയില്‍ പോകുന്ന വിവരം ഇയാള്‍ക്ക് അറിയാമായിരുന്നു.

കൊലപാതകം നടന്നത് ഇങ്ങനെ, പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചത്:
ജൂണ്‍ ഒന്നിന് പള്ളിയില്‍ നിന്ന് കുട്ടി തനിച്ചാണ് വീട്ടിലെത്തിയത്. ഇതറിയാവുന്ന യുവാവ് പര്‍ദ ധരിച്ച് പെണ്‍ വേഷത്തില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ മജീദിന്‍റെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഫ്‌ളാറ്റിന് മുകളിലെ ടെറസില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിയെ കയറില്‍ കെട്ടി തൂക്കികൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇയാള്‍ ധരിച്ചിരുന്ന പര്‍ദ താഴേക്കെറിഞ്ഞു. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് അബുദാബി പൊലീസ് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്‌ളാറ്റിന് മുകളിലെ ടെറസില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.

പ്രതി നേരത്തെ കുറ്റകൃത്യങ്ങളെല്ലാം നിഷേധിച്ചിരുന്നു പിന്നീട് കൊലക്കുറ്റം പൊലീസിനോട് സമ്മതിച്ചു. തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് യുവാവിന്‍റെ വാദം. എന്നാല്‍ ഇയാള്‍ മാനസിക രോഗിയാണെന്ന് കോടതിയില്‍ തെളിയിക്കാനായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ