ഫ്ലോറിഡ: ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി ഭക്ഷണം ഓർഡർ ചെയ്ത് പുലിവാൽ പിടിച്ച ഉപഭോക്താക്കൾ നിരവധിയുണ്ട്. എന്നാൽ വളരെ വിചിത്രമായൊരു സംഭവമാണ് ഫ്ലോറിഡയിൽ നടന്നിരിക്കുന്നത്. യൂബർ ഈറ്റ്സ് വഴി ഭക്ഷണം ഓർഡർ ചെയ്തയാൾക്ക് മുഷിഞ്ഞ അടിവസ്ത്രവും ഒപ്പം ലഭിച്ചുവെന്നാണ് പരാതിയ ഉയർന്നിരിക്കുന്നത്.
ഫോക്സ് ന്യൂസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. യൂബർ ഈറ്റ്സ് വഴി ജാപ്പനീസ് റസ്റ്ററന്റിൽനിന്നുമാണ് ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാനായി ഇയാൾ താമസിച്ചിരുന്ന ഹോട്ടലിന് പുറത്തെത്തി. ഭക്ഷണം കൈമാറിയതും ഡെലിവറി ചെയ്യാനെത്തിയയാൾ അവിടെനിന്നും ഓടി രക്ഷപ്പെട്ടു. തന്നെ സംബന്ധിച്ചിടത്തോളം അത് വിചിത്രമായിരുന്നുവെന്ന് ഇയാൾ പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
റൂമിൽ ചെന്ന് കവർ തുറന്നുനോക്കിയപ്പോഴാണ് ഉപഭോക്താവ് ശരിക്കും ഞെട്ടിയത്. നീളത്തിലുളള മുഷിഞ്ഞ അടിവസ്ത്രമായിരുന്നു ഭക്ഷണത്തിനൊപ്പം പാക്കറ്റിൽ ഉണ്ടായിരുന്നതെന്ന് ഇയാൾ പറഞ്ഞു. ഉടൻ തന്നെ യൂബർ ഈറ്റ്സിലും പൊലീസിലും വിവരം അറിയിച്ചു. യൂബർ ഈറ്റ്സ് സംഭവത്തിൽ ക്ഷമ ചോദിക്കുകയും ഡെലിവറി ചെയ്തയാളെ സസ്പെൻഡ് ചെയ്യുകയും ഉപഭോക്താവിന് പണം തിരികെ നൽകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.