ന്യൂഡൽഹി: ഷഹീൻ ബാഗിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടക്കുന്ന സ്ഥലത്തിനു സമീപത്തായി വെടിവയ്‌പ്. വെടിവച്ച അജ്ഞാതനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സ്ഥലത്തിനു സമീപത്തുവച്ച് ആകാശത്തേക്കാണ് ഇയാൾ വെടിവച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. ‘ജയ് ശ്രീരാം’ എന്നു വിളിച്ച് ഇയാൾ വെടിവയ്ക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
2 Bullets fired at Shaheen Bagh in an attempt to disrupt the peaceful protest #CAA_NRC_Protests #ShaheenBagh pic.twitter.com/PoPGpbkqeV
— We The People of India (@ThePeopleOfIN) February 1, 2020
ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്കു പുറത്തു നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വെടിവയ്‌പുണ്ടായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ സംഭവം. ജാമിയയിൽ പ്രതിഷേധക്കാർക്കുനേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പിൽ ഒരു വിദ്യാർഥിക്ക് പരുക്കേറ്റു.
‘ഇന്നാ പിടിച്ചോ ആസാദികളെ (പ്രതിഷേധക്കാർ), ഹിന്ദുസ്ഥാൻ സിന്ദാബാദ്, ഡൽഹി പൊലീസ് സിന്ദാബാദ്’ എന്നു ആക്രോശിച്ചുകൊണ്ട് തോക്കുധാരി വിദ്യാർഥികൾക്കുനേരെ വെടിവയ്ക്കുകയായിരുന്നു.
മഹാത്മ ഗാന്ധിയുടെ 72-ാം ചരമവാർഷികദിനത്തിൽ സിഎഎയ്ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്‌ഘട്ടിലേക്ക് വിദ്യാർഥികൾ മാർച്ച് നടത്തുന്നതിനിടെയാണ് വെടിവയ്‌പുണ്ടായത്. അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.