കൊൽക്കത്ത: അമ്മയുടെ മൃതദേഹം 3 വർഷത്തോളം ഫ്രിഡ്ജിൽ ഒളിപ്പിച്ച മകനെ പൊലീസ് പിടികൂടി. കൊൽക്കത്തയിലാണ് സംഭവം. 2015 ഏപ്രിൽ 7 ന് മരിച്ച 80 വയസുകാരിയായഅമ്മയുടെ മൃതദേഹം സംസ്കരിക്കാതെ മകൻ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ 45 കാരനായ സുബ്ഹബ്രത മജുംദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2015 ൽ ഒരു സ്വകാര്യ നഴ്സിങ് ഹോമിൽവച്ചാണ് മജുംദാറിന്റെ അമ്മ മരിക്കുന്നത്. മൃതദേഹം ഏറ്റുവാങ്ങിയ മജുംദാർ സംസ്കരിച്ചില്ല. പകരം വീട്ടിലെ ഫ്രിഡ്ജിൽ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. മൃതദേഹത്തിൽനിന്നും ആന്തരാവയവങ്ങൾ നീക്കം ചെയ്തശേഷം കേടാകാതിരിക്കാനുളള കെമിക്കൽസും ഇയാൾ ഉപയോഗിച്ചു. ഇയാൾക്കൊപ്പം പിതാവ് ഗോപാൽ മജുംദാറും വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. പിതാവിനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയ സമീപവാസി പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ഇയാൾ വീട്ടിൽ എത്തിയപ്പോൾ രാസവസ്തുക്കളുടെ ഗന്ധം ഉണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്.

ലെതർ ഉൽപ്പന്നങ്ങളുടെ കമ്പനിയിൽ ജോലി ചെയ്തിരുന്ന സുബ്ഹബ്രത മജുംദാർ 5 വർഷങ്ങൾക്കു മുൻപ് ജോലി ഉപേക്ഷിച്ചിരുന്നു. ഇയാൾ അധികം ആരോടും സംസാരിക്കാറില്ലെന്ന സമീപവാസികൾ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ