പൽവാൾ (ഹരിയാന): ഹരിയാനയിലെ പൽവാളിൽ പശുവിനെ മോഷ്ടിക്കാനെത്തിയെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പശുവിനെ കടത്തിക്കൊണ്ടു പോകാനെത്തിയെന്നാരോപിച്ച് ഇയാളെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടുത്തിടെ രാജസ്ഥാനിലും പശു കടത്തിയെന്നാരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഹരിയാന സ്വദേശിയായ അക്ബർ ഖാൻ ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ തന്റെ ഗ്രാമമായ ഗോൽഗൻവിൽനിന്നും രണ്ടു പശുക്കളുമായി റാംഗഡിലെ ലാവണ്ടി വില്ലേജിലേക്ക് വരുമ്പോഴാണ് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി മർദ്ദിച്ചത്. അക്ബർ ഖാന്റെ മൃതദേഹം ആൾവാർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ആൾക്കൂട്ട കൊലപാതകത്തിൽ സുപ്രീം കോടതി പരാമർശങ്ങൾക്കു പിന്നാലെയാണ് രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകങ്ങൾ തുടർക്കഥയാവുന്നത്. ആൾക്കൂട്ട കൊലപാതകങ്ങൾ തടയാൻ ശക്തമായ നടപടി വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അക്രമങ്ങളാണിത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. ഇത്തരം ആൾക്കൂട്ട അക്രമങ്ങൾ തടയാൻ നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജനാധിപത്യത്തിൽ ആൾക്കൂട്ട നിയമം അനുവദിക്കാനാവില്ല. നിയമം കൈയ്യിലെടുക്കാൻ ജനങ്ങൾക്ക് അധികാരമില്ല. പശുവിന്റെ പേരിലുളളത് ഉൾപ്പെടെ ആൾക്കൂട്ട കൊലപാതകങ്ങൾ അനുവദിക്കരുത്. പശുവിന്റെ പേരിൽ നടക്കുന്നത് സംഭവിക്കാൻ പാടില്ലാത്ത അതിക്രമങ്ങളാണ്. പ്രത്യേക കേസായി പരിഗണിച്ച് ഇത്തരം അക്രമങ്ങളിൽ പ്രതിയാകുന്നവർക്ക് ശക്തമായ ശിക്ഷ നൽകണം. അതിനായി പ്രത്യേക നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.