ജയ്‌പൂർ: രാജസ്ഥാനിൽ അമ്മയെ സന്തോഷിപ്പിച്ചില്ലെന്ന് ആരോപിച്ച് രണ്ട് ഭാര്യമാരെയും ഭർത്താവ് തീവച്ച് കൊന്നു. ജയ്‌പൂർ സ്വദേശിയായ ദീപ റാം ആണ് ഭാര്യമാരായ മാലി ദേവി (27), ദരിയ ദേവി (25) എന്നിവരെ കാറിനകത്ത് ചുട്ടുകൊന്നത്.

കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. കുടുംബ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും ഭാര്യമാർ, അമ്മയെ സന്തോഷത്തോടെയല്ല നോക്കിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ആഭരണമെടുക്കാൻ എന്ന വ്യാജേന ഭാര്യമാരെ കാറിൽ കയറ്റിയ ശേഷം ദീപ റാം കാറോടിച്ച് നഗരത്തിലേക്ക് പോയി. പോകുന്ന വഴിയിൽ കുടുംബ വിഷയം പരാമർശിച്ച് മൂവരും തമ്മിൽ വാക്കുതർക്കത്തിലായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തിയതോടെ കാറിന് നിയന്ത്രണം നഷ്ടമായെന്ന് പൊലീസ് പറയുന്നു.

കാർ നിർത്തിയപ്പോൾ ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ ദീപ റാം, ഇവരെ കാറിനകത്തേക്ക് തള്ളിക്കയറ്റി. കുറച്ചുദൂരം കൂടി മുന്നോട്ട് പോയ ശേഷം ദീപ റാം വിജനമായൊരിടത്ത് കാർ നിർത്തി. ഇതിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഭാര്യമാരെ കാറിനകത്താക്കി കാറിന്റെ വാതിലുകൾ അടച്ചു. പിന്നീടാണ് കാറിന് തീ കൊളുത്തിയത്. ഇരുവരും കാറിനകത്ത് വെന്തുമരിച്ചു.

ഗുജറാത്തിൽ ജോലി ചെയ്യുന്ന ദീപ റാം മൂന്ന് മക്കളുടെ പിതാവാണ്. കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ