റായ്‌പൂര്‍: സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുവാന്‍ ഇറങ്ങിത്തിരിക്കുന്ന വിദ്യാസമ്പന്നനായ ചെറുപ്പക്കാരന്‍ നേരിടുന്ന വെല്ലുവിളികളും കൂട്ടുകുടുംബവും അവിടുത്തെ പ്രാരാബ്ദങ്ങളും എല്ലാം ചിരിയും ചിന്തയും ചേരുംപടി ചേര്‍ത്ത് ശ്രീനിവാസന്റെ രചനയിലും പ്രിയദര്‍ശന്റെ സംവിധാനത്തിലും ഇറങ്ങിയ ചിത്രമാണ് മിഥുനം.

ചിത്രത്തില്‍ നായകനായ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അളിയന്മാര്‍ തമ്മില്‍ (ഇന്നസെന്റും ജഗതിയും) കീരിയും പാമ്പും പോലെയാണ്. ഇരുവരുടേയും കുടുംബങ്ങള്‍ ഒരു കൂരയ്ക്കു കീഴില്‍ കഴിയേണ്ടി വരുമ്പോഴുള്ള കാര്യം പറയേണ്ടതില്ലല്ലോ. ഒരു ദിവസം മുറ്റത്ത് കുട്ടികള്‍ കളിക്കുന്നതിനിടയില്‍ വായ്മൂടിക്കെട്ടിയ നിലയില്‍ ഒരു കുടം മണ്ണിനടിയില്‍ നിന്നും കിട്ടുന്നു. ഇത് തന്നെ അപായപ്പെടുത്തുവാനായി കുറുപ്പ് ചെയ്ത കൂടോത്രമാണെന്നായി സുഗതന്റെ വാദം. കൂടോത്രം ചെയ്ത കുറുപ്പിനെ മറുകൂടോത്രം വഴി അപായപ്പെടുത്തുന്നതിനായി സുഗതന്‍ ഉഗ്ര മന്ത്രവാദിയായ ചേര്‍ക്കോണം സ്വാമിയെ (നെടുമുടി വേണു) കളത്തിലിറക്കുന്നു. ചിത്രത്തിലെ ഈ മന്ത്രവാദരംഗം പ്രേക്ഷകരെ ഇന്നും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഈ രംഗം തമാശയായിരുന്നെങ്കില്‍ വളരെ നടുക്കുന്ന ഒരു സംഭവമാണ് ഛത്തീസ്ഗഡില്‍ കൂടോത്രം കാരണം ഉണ്ടായിരിക്കുന്നത്.

തന്റെ വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്തെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി. പിന്റു എന്നയാളാണ് റായ്‌പൂരില്‍ അയല്‍വാസിയെ വകവരുത്തിയത്. വിവാഹത്തിന് തയ്യാറെടുത്തിരുന്ന പ്രതി 12 ഓളം പെണ്‍കുട്ടികളെ കണ്ടെങ്കിലും ഇവയെല്ലാം മുടങ്ങുകയായിരുന്നു. കാര്യങ്ങള്‍ വിവാഹനിശ്ചയത്തോളം പല തവണ എത്തിയെങ്കിലും എല്ലാം പല കാരണങ്ങള്‍ കൊണ്ട് മുടങ്ങുകയായിരുന്നു. ഇതിനിടെ വീടിന്റെ സമീപത്ത് നിന്നും സംശയാസ്‌പദമായ സാഹചര്യത്തില്‍ ചില വസ്തുക്കള്‍ കണ്ടെടുത്തത് പിന്റുവിനെ കൂടുതല്‍ അസ്വസ്ഥനാക്കി. അയല്‍ക്കാരിയായ അമേരിക്ക പട്ടേല്‍ എന്ന യുവതി തന്റെ വിവാഹം മുടക്കാനായി കൂടോത്രം ചെയ്തെന്നായിരുന്നു പിന്റുവിന്റെ സംശയം. തുടര്‍ന്നാണ് ഇവരെ വകവരുത്താന്‍ പിന്റു തീരുമാനിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്‌ച അമേരിക്ക പട്ടേല്‍ ഒറ്റയ്ക്കായിരുന്ന സമയം അദ്ദേഹം വീട്ടില്‍ കയറി വടികൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് നിലത്ത് വീണ യുവതിയെ ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഒളിച്ചോടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ പിന്റു. യുവതി കൂടോത്രം ചെയ്യുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook