മുംബൈ: സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ടോയിലറ്റില്‍ ഫ്ലഷ് ചെയ്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയ്ക്ക് അടുത്ത് വിരാറിലെ ബച്ച്രാജ് പാരഡൈസ് സൊസൈറ്റിയില്‍ കഴിഞ്ഞയാഴ്ച്ചയാണ് 58കാരനായ ഗണേഷ് വിത്തല്‍ കൊല്ലപ്പെട്ടത്. വായ്പയായി എടുത്ത ഒരു ലക്ഷം രൂപ തിരികെ നല്‍കാത്തതിനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പിന്റു എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ജനുവരി 16ന് ഗണേഷിനെ പിന്റു തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെ ഫര്‍ണിച്ചര്‍ മാറ്റാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. തുടര്‍ന്ന് ഇരുവരും മദ്യപിച്ചതിന് ശേഷം വായ്പയുടെ കാര്യം പറഞ്ഞ് വഴക്കിട്ട് പിന്റു ഗണേഷിനെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം പിന്റു ഗണേഷിന്റെ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ടോയിലറ്റില്‍ ഫ്ലഷ് ചെയ്തു. നാല് ദിവസം എടുത്താണ് മൃതദേഹം മുറിച്ച് ഘട്ടംഘട്ടമായി ഫ്ലഷ് ചെയ്തത്. എല്ലുകള്‍ വേര്‍തിരിച്ച് എടുത്ത് ട്രെയിന്‍ യാത്രയില്‍ മുംബൈയിലെ ആളൊഴിഞ്ഞ ഇടത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഗണേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. വിരാറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് ഓടയിലെ പൈപ്പില്‍ തങ്ങിയ നിലയില്‍ മനുഷ്യമാംസങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് പിന്റുവിന്റെ വീട്ടില്‍ നിന്നാണ് മാംസങ്ങള്‍ പുറത്തേക്ക് വന്നതെന്ന് തിരിച്ചറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook