ഡൽഹി: പോത്തിറച്ചി കൈവശം വെച്ചു എന്നാരോപിച്ച് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഡൽഹിയിൽ നിന്നും ഹരിയാനയിലെ ബല്ലാഭ്ഗഡിലേക്കുള്ള ട്രെയിനിലാണ് സംഭവമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദില്ലിയിലെ സഗര്‍ ബസാറില്‍ നിന്നും ഈദിനുള്ള സാദനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന സഹോദരങ്ങൾക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ഹരിയാന സ്വദേശിയായ ജുനൈദാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ ഹാഷിം, ഷാക്വിര്‍ എന്നിവര്‍ക്കും മോയിന്‍ എന്ന ആള്‍ക്കുമാണ് പരുക്കേറ്റത്.

അതേസമയം, സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഇന്നലെയാണ് സംഭവം. ട്രെയിന്‍ ദില്ലിയില്‍ നിന്നും പുറപ്പെട്ട് ഒഖല സ്റ്റേഷനിലെത്തിയപ്പോഴാണ് ജുനൈദും സഹോദരങ്ങളുമായി മറ്റൊരു സംഘം വാക് തര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം മൂത്തപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സംഘത്തിലൊരാള്‍ ജുനൈദിനെ കുത്തി. ഒപ്പമുണ്ടായിരുന്നവരെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജുവൈദ് യാത്ര മധ്യേ മരിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ജൂനൈദിന്റെ പോസ്റ്റുമോര്‍ട്ടം ഹരിയാനയിലെ സിവില്‍ ആശുപത്രിയിൽ നത്തി. ജുനൈദിന്റെ സഹോദരങ്ങളായ ഹാഷിമിന്റേയും ഷാഖ്വിറിന്റേയും നില ഗുരുതരമാണ്. ഹാഷിമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ