ന്യൂഡല്‍ഹി: തന്റെ കാമുകിയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അനന്തരവനെ കൊലപ്പെടുത്തിയ 37കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ വച്ച് കൊലപാതകം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാളെ ഹൈദരാബാദില്‍ നിന്നും പിടികൂടിയത്. ഒഡിഷ സ്വദേശിയായ ബിജയ് കുമാര്‍ മഹാറാണ 2012ലാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. കാമുകി ഡല്‍ഹിയിലേക്ക് മാറി താമസിച്ചതിനെ തുടര്‍ന്നാണ് ബിജയിയും രാജ്യ തലസ്ഥാനത്ത് എത്തിയത്.

ദ്വാരക ഏരിയയില്‍ ഇരുവരും പിന്നീട് ഒരു ഫ്ലാറ്റില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. 2015ലാണ് ബിജയിയുടെ അനന്തരവന്‍ ജയ് പ്രകാശും ഡല്‍ഹിയിലെത്തുന്നത്. പ്രകാശും ഇവരുടെ കൂടെ തന്നെ താമസം തുടങ്ങി. നോയിഡ സെക്ടര്‍ 144ല്‍ ഒരു ഐടി കമ്പനിയിലാണ് ബിജയ് ജോലി ചെയ്തിരുന്നത്. ഗുഡ്ഗാവിലെ ഒരു കമ്പനിയിലാണ് പ്രകാശ് ജോലി ചെയ്തത്.

മൂവരും ഒരുമിച്ച് താമസിച്ച് വരികെയാണ് പ്രകാശും ബിജയിയുടെ കാമുകിയും അടുപ്പത്തിലായത്. ഇത് അറിഞ്ഞാണ് ബിജയ് അനന്തരവനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. 2016 ഫെബ്രുവരി 6ന് ജയ് പ്രകാശ് ഉറങ്ങിക്കിടക്കുമ്പോള്‍ ഫാനിന്റെ മോട്ടോര്‍ കൊണ്ട് തലയ്ക്കടിച്ചാണ് ബിജയ് കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു. തുടര്‍ന്ന് മൃതദേഹം ഫ്ലാറ്റിലെ ബാല്‍ക്കണിയിലെ മണ്ണില്‍ കുഴിച്ച് മൂടി അതിന് മുകളില്‍ ചെടി നടുകയും ചെയ്തു.

ഒരാഴ്ചയ്ക്ക്​ ശേഷം ബിജയ്​ പൊലീസ്​ സ്​റ്റേഷനിലെത്തി അനന്തരവനെ കാണാനില്ലെന്ന്​ പരാതി നൽകി. രണ്ടു മാസത്തോളം ഇതേ ഫ്ലാറ്റിൽ താമസിച്ച ഇയാൾ ശേഷം നാഗലോയിലേക്ക്​ താമസം മാറ്റി. 2017ൽ ഹൈദരാബാദിലേക്ക്​ മാറുകയും ചെയ്​തു. 2018 ഒക്​ടോബറിൽ കെട്ടിടം പുതുക്കിപണിയുന്നതിനായി പൊളിച്ചപ്പോൾ ഫ്ലാറ്റി​​​ന്റെ ബാൽക്കണിയിൽ നിന്ന്​ അസ്ഥികൂടവും ഇയാൾ ധരിച്ചിരുന്ന വസ്​ത്രങ്ങളും ബെഡ്​ഷീറ്റ്, ബെഡ്​ തുടങ്ങിയ സാധനങ്ങളും കണ്ടെത്തി. തുടർന്ന്​ ​പൊലീസ്​ നടത്തിയ അന്വേഷണത്തിലൊടുവിലാണ്​ മൂന്നു വർഷം മുമ്പുള്ള കൊലപാതകം തെളിഞ്ഞത്​.

ഹൈദരാബാദിലേക്ക്​ മാറിയ ബിജയ്​ ഫോൺ നമ്പർ മാറ്റുകയും പഴയ ബാങ്ക്​ അക്കൗണ്ട്​ ഉൾപ്പെടെയുള്ളവ നിർത്തലാക്കുകയും ചെയ്​തിരുന്നു. കുടുംബവുമായോ പഴയ സുഹൃത്തുക്കളുമായോ ഇയാൾ ബന്ധപ്പെട്ടിരുന്നില്ല. ഡിസംബർ 26 ന്​ ഹൈദരാബാദിലെത്തിയ ഡൽഹി പൊലീസ്​ അന്വേഷണ സംഘത്തിന്​ ജനുവരി ആറിനാണ്​ ബിജയ്​യെ കസ്​റ്റഡിയിലെടുക്കാനായത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook