ഫ്ളോറിഡയില്‍ വീട്ടിലെ ഫാമില്‍ വളര്‍ത്തിയ പക്ഷി ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തി. വളരെ അപകടകാരിയായ പറക്കാന്‍ കഴിയാത്ത എമു വിഭാഗത്തില്‍ പെട്ട കാസോവരി പക്ഷിയാണ് ഉടമയെ ആക്രമിച്ച് കൊന്നത്. നിരവധി പക്ഷികളെ തന്റെ ഫാമില്‍ വളര്‍ത്തുന്ന 75കാരനായ മാര്‍വിന്‍ ഹാജോസ് ആണ് കൊല്ലപ്പെട്ടത്.

വെളളിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മാരകമായി പരുക്കേറ്റ രീതിയിലാണ് ഹാജോസിനെ കണ്ടെത്താനായത്. അദ്ദേഹത്തിന്റെ കാമുകിയാണ് സഹായത്തിനായി ഫോണ്‍ ചെയ്തത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പക്ഷിയെ പൊലീസ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഓസ്ട്രിച്ചസ്, എമു എന്നിവയുടെ വിഭാഗത്തില്‍ പെട്ട കാസോവരീസ് വളരെ അപകടകാരികളാണ്.

വളരെ വലുപ്പമുളള ഇവയുടെ കാലുകളാണ് ഏറെ അപകടകരം. മൂന്ന് വിരലുകളിലും വളരെ കൂര്‍ത്ത നഖങ്ങളാണുളളത്. ഏറെ കരുത്തരായ ഇവ ഇരകളെ ബലമേറിയ കാലുകൊണ്ടാണ് ആക്രമിക്കുക, ഹാജോസിനും നഖത്തില്‍ നിന്നും ചുണ്ടില്‍ നിന്നും ഏറ്റ പോറലുകള്! മാരകമാണ്. മഴക്കാടുകളില്‍ കാണാന്‍ കഴിയുന്ന ഇവ കൂടുതലും ക്വീന്‍സ്ലാന്‍ഡ്, ഓസ്ട്രേലിയ, ന്യൂ ഗിനിയ എന്നിവിടങ്ങളിലാണ് ഉണ്ടാവാറുളളത്.

മഴക്കാടുകളിലാണ് ഇവയെ കാണാറുളളതെങ്കിലും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് പക്ഷികള്‍ അപകടം വിളിച്ച് വരുത്താറുണ്ട്. മനുഷ്യരുമായി ഇണങ്ങാത്ത ഇത്തരം പക്ഷികള്‍ ഭക്ഷണം ലഭിക്കാത്തപ്പോഴോ, മനുഷ്യന്റെ സാമീപ്യം ആഗ്രഹിക്കാത്തപ്പോഴോ, ഇണ ചേരുന്ന സാഹചര്യത്തിലോ ആണ് അക്രമകാരികളാവാറുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook