അൽജീരിയസ്​: ഫേസ്​ബുക്കിൽ കുറച്ച് ലൈക്കിനും പ്രശസ്തിക്കും വേണ്ടി ചിലർ എന്തും ചെയ്യുമെന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. ഇത്തരത്തിൽ ലൈക്കിനായി ഏതറ്റം വരെയും പോകാൻ തയാറാണെന്ന്​ തെളിയിച്ചിരിക്കുകയാണ്​ അൾജീരിയയിലെ ഒരു യുവാവ്​. പതിനഞ്ച്​ നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി കുട്ടിയെ സാഹസികമായി തൂക്കിയിട്ടായിരുന്നു യുവാവി​​ന്റെ ‘പ്രകടനം’. ഫോട്ടോയോടൊപ്പം ‘എനിക്ക് 1000 ലൈക്ക് തരൂ, ഇല്ലെങ്കില്‍ ഞാനിവനെ താഴേക്കിടും’ എന്ന അടിക്കുറിപ്പും നല്‍കിയിരുന്നു. കൈ​യൊന്ന്​ വിട്ടു പോയാൽ സ്വന്തം കുഞ്ഞ്​​ പതി​നഞ്ച്​ നിലയുടെ മുകളിൽ നിന്ന്​ താഴേക്ക് പതിക്കുമായിരുന്ന നിലയിലായിരുന്നു ഇയാളുടെ അഭ്യാസം.

യുവാവിന്റെ ആഗ്രഹപ്രകാരം പോലെ തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടു.പക്ഷേ, ഫെയ്സ്ബുക്കിൽ ഫോട്ടോ വൈറലായതോടെ ലൈക്കുകൾ മാത്രമല്ല കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം കേസും യുവാവിന് സമ്മാനമായി കിട്ടി.

അതേസമയം ഫോട്ട്​ഷോപ്പ്​ ചെയ്​ത ചിത്രങ്ങളാണ്​ ഇതെന്നും ചിത്രമെടുക്കുന്പോൾ ആവശ്യത്തിന്​ സുരക്ഷയുണ്ടായിരുന്നതായും യുവാവ്​ വാദിക്കുന്നു. ഈ വാദം മുഖവിലക്കെടുക്കാൻ തയാറാകാതിരുന്ന കോടതി കുട്ടിയുടെ അച്ഛനെ നേരിട്ട്​ വിളിച്ച്​ വരുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. യുവാവ് ജയിലിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook