ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശബ്ദം അനുകരിച്ച് ആള്‍മാറാട്ടം നടത്തി, രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് ഫോണ്‍ സന്ദേശം. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എല്‍.നാരായണ സ്വാമി എന്നിവര്‍ക്കാണ് ആള്‍മാറാട്ട ഫോണ്‍ സന്ദേശം ലഭിച്ചത്.

ഹൈക്കോടതി ജഡ്ജിമാരായ സ്ഥാനക്കയറ്റം നല്‍കേണ്ട ചില അഭിഭാഷകരുടെ പേരുകള്‍ നിർദേശിക്കാനാണ് ഫോണ്‍ വിളിച്ച ആള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടുത്തിടെ രണ്ട് അഭിഭാഷകരോടും ഫോണില്‍ സംസാരിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്.

ജസ്റ്റിസ് നാരായണ സ്വാമിയെയാണ് ആള്‍മാറാട്ടം നടത്തിയ ആള്‍ ആദ്യം വിളിച്ചത്. ചീഫ് ജസ്റ്റിസിന്റെ പ്രൈവറ്റ് സെക്രട്ടറി എച്ച്.കെ.ജുനേജയാണെന്നു പറഞ്ഞായിരുന്നു വിളി എത്തിയത്. ജസ്റ്റിസ് ഗൊഗോയ് ആവശ്യപ്പെട്ടാണ് വിളിക്കുന്നതെന്നും കര്‍ണാടക ഹൈക്കോടതിയിലേക്ക് ജഡ്ജിമാരായി ചില അഭിഭാഷകരുടെ പേര് ശുപാര്‍ശചെയ്യണമെന്നും ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ജസ്റ്റിസ് സ്വാമിയെ വിളിച്ചു. ചീഫ് ജസ്റ്റിസിന് നേരിട്ട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. പിന്നീട് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ശബ്ദം അനുകരിച്ച് സംസാരിക്കുകയായിരുന്നു ഇയാള്‍.

ജസ്റ്റിസ് രാധാകൃഷ്ണനെ വിളിച്ചും ഇതു തന്നെയാണ് ആവര്‍ത്തിച്ചത്. സംഭവത്തില്‍ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ സഞ്ജീവ് കല്‍ഗോന്‍കര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിളിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ പേരിലോ ഓഫീസില്‍ നിന്നെന്ന പേരിലോ ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ വന്നാല്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശം നല്‍കിയതായി അറിയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ