ന്യൂഡല്‍ഹി: വാര്‍ത്താസമ്മേളനത്തിനിടെ ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്. മറ്റ് പാര്‍ട്ടിയുടെ നേതാക്കളും വാര്‍ത്താ സമ്മേളനം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.

ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിനൊപ്പം നരസിംഹ റാവു മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു ചെരുപ്പേറുണ്ടായത്. റാവുവിനെതിരെ ചെറുപ്പ് വലിച്ചെറിഞ്ഞ ആള്‍ ഒരു ഡോക്ടര്‍ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകർ ഇയാളെ വാര്‍ത്താ സമ്മേളനം നടക്കുന്ന മുറിയില്‍ നിന്നും പിടിച്ച് പുറത്താക്കി.

ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ഹാളില്‍ ഉണ്ടായിരുന്നയാള്‍ എംപിക്ക് നേരെ ഷൂ എറിയുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ച് പുറത്താക്കി. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ചും ഭോപ്പാലില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ പ്രഗ്യയെ മത്സരിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു നരസിംഹ റാവുവിന്റെ വാര്‍ത്താ സമ്മേളനം.

Read: സാധ്വി പ്രഗ്യ സിങ് ബിജെപിയില്‍ ചേർന്നു; ഭോപ്പാലില്‍നിന്ന് മത്സരിക്കും

ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഷൂ ഏറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജി.വി.എല്‍.നരസിംഹ റാവു ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook