ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ വ്യാജ ബാങ്ക് നടത്തിയ 44 കാരനെ ഗ്രേറ്റര്‍ ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.
സംഭവത്തില്‍ ചന്ദ്രബോസ് എന്നയാളാണ് പിടിയിലായത്. തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെ ഒമ്പതിടങ്ങളിലായി റൂറല്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്സ് കോഓപ്പറേറ്റീവ് ബാങ്ക് (ആര്‍എഎഫ്സി) എന്ന പേരിലാണ് വ്യാജ ബാങ്ക് നടത്തിയത്. ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായും പൊലീസ് പറഞ്ഞു.
ജനങ്ങളില്‍ നിന്ന് 2 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയുള്ള അനധികൃത നിക്ഷേപങ്ങള്‍ സ്വീകരിച്ച ബാങ്ക് ആര്‍ബിഐയുടെ അംഗീകൃത സ്ഥാപനമാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവ ചന്ദ്രബോസ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം, വായ്പാ സേവനങ്ങള്‍ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ആര്‍ബിഐ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് ബാങ്ക് വായ്പകള്‍ നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
അമ്പത്തൂരിലെ വിജിഎന്‍ ബ്രെന്റ് പാര്‍ക്കിലുള്ള ബാങ്കിന്റെ ഹെഡ് ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാജ രേഖകളും ഒരു ആഡംബര കാറും പിടിച്ചെടുത്തു. നവംബര്‍ അഞ്ചിന് അറസ്റ്റിലായ ചന്ദ്രബോസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പ്രതിയില്‍ നിന്ന് 56.6 ലക്ഷം രൂപ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.