ദുബായ്: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ജീവനക്കാരനെ ദുബായിലെ കമ്പനി ജോലിയില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ വെളളിയാഴ്ച ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പളളികളില്‍ നടന്ന വെടിവയ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്.
സുരക്ഷാ കമ്പനിയായ ട്രാന്‍സ്ഗാര്‍ഡിലെ സുരക്ഷാ ജീവനക്കാരനെയാണ് പുറത്താക്കി നാടുകടത്തിയത്. ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇയാള്‍ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ വിദ്വേഷപരമായ കമന്റ് ഇടുകയും മുസ്‌ലിങ്ങളുടെ കൊലപാതകം ആഘോഷമാക്കുകയും ചെയ്തത്. സുരക്ഷാ കമ്പനിയായ ട്രാന്‍സ്ഗാര്‍ഡ് തന്നെയാണ് ഇയാളെ പുറത്താക്കിയ വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്.
Read: വെളളിയാഴ്ച രാജ്യമൊട്ടാകെ ടിവിയിലൂടെ ബാങ്ക് വിളി സംപ്രേഷണം ചെയ്യണമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി
‘അനാവശ്യമായ സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ സഹിഷ്ണുത കാണിക്കാത്ത നയമാണ് കമ്പനിക്ക്. ഇയാളെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കി നിയമപരമായ കാര്യങ്ങള്‍ക്കായി അധികൃതരുടെ ശ്രദ്ധയും ക്ഷണിച്ചു. യുഎഇ സര്‍ക്കാര്‍ ഇയാളെ നാടു കടത്തിയിട്ടുണ്ട്,’ കമ്പനി വ്യക്തമാക്കി.
എന്നാല്‍ ഇയാളുടെ പേരോ, ദേശമോ മറ്റ് വ്യക്തിഗത വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ യുഎഇ സര്‍ക്കാരിന്റെ പ്രതികരണവും ലഭ്യമായിട്ടില്ല. ക്രൈസ്റ്റ് ചര്‍ച്ച് അക്രമത്തെ യുഎഇ സര്‍ക്കാര്‍ അപലപിച്ചിട്ടുണ്ട്.