മുംബൈ: മഹാരാഷ്ട്രയിലെ പന്തർകവാടയിൽ നരഭോജി കടുവയെ വെടിവച്ചു കൊന്നു. രാത്രി പതിനൊന്നു മണിയോടെ ബോരാട്ടി ഗ്രാമത്തിന് സമീപത്ത് വച്ചാണ് കടുവയെ വെടിവച്ചു കൊന്നത്. ഇത്തരത്തിലുള്ള കടുവകളെ വെടിവയ്ക്കുന്നതിൽ വിദഗ്ധനായ ഷഫാത്ത് അലി ഖാന്റെ മകൻ അസ്ഗർ അലി ഖാനാണ് വെടിയുതിർത്തത്.
ടി1 എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന പെൺ കടുവയെയാണ് വെടിവച്ചു കൊന്നത്. 2016 മുതൽ നിരവധി ആളുകൾ ഈ പെൺ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കടുവയുടെ ആക്രമണം രൂക്ഷമായതിനെ തുടർന്ന് കടുവയെ പിടികൂടുന്നതിനായി വ്യാപകമായി ശ്രമം നടന്നിരുന്നു. ഇതിനെ തുടർന്ന് കടുവയെ വെടിവച്ചു കൊല്ലാൻ സുപ്രീം കോടതി ഉത്തരവിറക്കുകയായിരുന്നു. എന്നാൽ കടുവയെ ജീവനോടെ പിടികൂടാൻ ആവശ്യപ്പെട്ട് മൃഗസ്നേഹികൾ ഹർജി സമർപ്പിച്ചിരുന്നു.
കടുവയെ ജീവനോടെ പിടുകൂടാൻ അസ്ഗറും സംഘവും മയക്കുവെടിവച്ചു, എന്നാൽ വെടിയേറ്റതോടെ സംഘത്തിനു നേരേ തിരിഞ്ഞ കടുവയെ ജീവൻ രക്ഷാർത്ഥം അസ്ഗർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
കടുവയെ വെടിവച്ചു കൊന്നതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തിയുട്ടുണ്ട്. രാത്രി 11 മണിക്ക് എങ്ങിനെ ടി1 കടുവയെ തിരിച്ചറിഞ്ഞെന്നും കടുവയെ വെടിവച്ച സംഘത്തിൽ മൃഗ ഡോക്ടർ ഉണ്ടായില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. മാത്രമല്ല കടുവയെ വെടിവയ്ക്കാനുള്ള അനുവാദം നൽകിയിരിക്കുന്നത് ഷഫാത്ത് അലി ഖാനാണെന്നിരിക്കെ എങ്ങിനെയാണ് അദ്ദേഹത്തിന്റെ മകനെ കൊണ്ട് നിയമവിരുദ്ധമായി കടുവയെ കൊല്ലാനുള്ള ദൗത്യം വനംവകുപ്പ് ഏൽപ്പിച്ചതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
ടി1നെ പിടികൂടാനായി വൻ സംഘത്തെയാണ് വിന്യസിച്ചിരുന്നത്. തെർമ്മൽ ഇമേജ് ഡ്രോണുകൾ, പരിശീലനം ലഭിച്ച ഇറ്റാലിയൻ നായകൾ, കാൽവിൻ ക്ലെയിൻ പെർഫ്യൂം, ഏറ്റുമുട്ടൽ വിദഗ്ധർ, ലോക പ്രശസ്തരായ കടുവ വേട്ടക്കാർ എന്നിങ്ങനെ വലിയ സംഘത്തെയാണ് കടുവയെ പിടിക്കാൻ ഉപയോഗിച്ചത്. രാജ്യത്ത് നടന്ന ഏറ്റവും ചിലവേറിയ ദൗത്യമാണ് പന്തർകവാടയിലേത്.