സാന്റോ ഡൊമിങോ: ഒരു കുപ്പി മുഴുവന്‍ ടെക്കീല ഒറ്റവലിക്ക് അകത്താക്കിയ 23കാരന് ദാരുണാന്ത്യം. കൂടുതൽ മദ്യം അകത്താക്കുന്നത് ആരാണെന്നറിയാൻ സുഹൃത്തുക്കളോട് പന്തയംവച്ചതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.

ഡൊമനിക്കൻ റിപ്പബ്ലിക്കിലെ ഒരു നൈറ്റ് ക്ലബിലാണ്, യുവാവ് അമിത മദ്യം കഴിച്ച് സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ് മരിച്ചത്. 630 ഡോളറിനായിരുന്നു (ഏകദേശം 42,500 രൂപ) കെൽവിൻ സുഹൃത്തുക്കളോട് പന്തയം വെച്ചതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പന്തയത്തിൽ തോൽക്കാതിരിക്കാൻ കെൽവിൻ റാഫേൽ മെജിയ, ഒരു കുപ്പി ടെക്കീല ഒറ്റവലിക്ക് കുടിക്കുകയായിരുന്നു. പന്തയം ജയിച്ച പണം കെൽവിന്റെ കയ്യിൽ സംഘാടകർ എണ്ണിക്കൊണ്ട് വെച്ചുകൊടുത്തതും, കെൽവിൻ കുഴഞ്ഞു വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം യുവാവ് സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി.

മദ്യത്തില്‍ അടങ്ങിയ വിഷം അകത്തുചെന്നതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ക്ലബ്ബില്‍ മറ്റുള്ളവര്‍ പന്തയം വെക്കുന്നതിനിടെയാണ് കെല്‍വിന്‍ താനും പങ്കെടുക്കുന്നതെന്ന് അറിയിച്ചത്. തുടര്‍ന്നാണ് പന്തയം ആരംഭിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിച്ച് നിശാക്ലബ് അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ