മുംബൈ: ഒറ്റിയിരിപ്പിലുളള തലാഖ് സുപ്രീം കോടതി നിരോധിച്ചിട്ടും മുംബൈയില്‍ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതായി പരാതി. മിരാ റോഡ് സ്വദേശിനിയായ 32കാരിയാണ് ഭര്‍ത്താവ് തന്നെ വാട്സ്ആപ്പ് വീഡിയോ വഴി തലാഖ് ചൊല്ലിയതായി പരാതി നല്‍കിയത്. കഴിഞ്ഞ നവംബറില്‍ ഭര്‍ത്താവായ യാവര്‍ ഖാനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തതിന് പിന്നാലെയാണ് തന്നെ തലാഖ് ചൊല്ലിയതെന്ന് ഫര്‍ഹാനാസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

കേസിന്റെ വാദത്തിനിടെ കോടതിയില്‍ ജഡ്ജിക്ക് മുമ്പാകെ യുവതി ഈ വീഡിയോ കാണിച്ച് കൊടുക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ച കോടതി ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വാദം കഴിഞ്ഞ് കോടതിക്ക് പുറത്തെത്തിയ ഫര്‍ഹാനാസിനെ ഇയാള്‍ വീണ്ടും ആക്രമിച്ചു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ പിടികൂടി ജഡ്ജിക്ക് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഫര്‍ഹാനാസിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

എന്നാല്‍ യാവര്‍ ഖാന്‍ ആരോപണങ്ങള്‍ നിഷേധിച്ചു. നിയമം അനുസരിച്ച് ജീവിക്കുന്ന പൗരനാണ് താനെന്നും കേസ് നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 11നാണ് ഇയാള്‍ ഫര്‍ഹാനാസിന് വീഡിയോ അയച്ചത്. ഒരു ഖാസിയുടേയും ദൃക്‌സാക്ഷിയുടേയും സാന്നിധ്യത്തിലാണ് താന്‍ തലാഖ് ചൊല്ലുന്നതെന്ന് പറഞ്ഞ ഇയാള്‍ വീഡിയോയില്‍ ഇരുവരുടേയും പേരും പരാമര്‍ശിക്കുന്നുണ്ട്. സംഭവത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫര്‍ഹാനാസ്, സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതിന് കോടതിയലക്ഷ്യത്തിനും പരാതി നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.

മുത്തലാഖ് വിഷയത്തിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. വിധി ചരിത്രപരമെന്ന് അദ്ദേഹം പറഞ്ഞു. വിധി മുസ്‌ലിം സ്ത്രീകള്‍ക്ക് തുല്യത നല്‍കിയെന്നും സത്രീശാക്തീകരണത്തിനുള്ള ശക്തമായ നീക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയാ എടുത്തത് ഉള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ മൂന്നുപേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേര്‍ മുസ്‌ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook