/indian-express-malayalam/media/media_files/uploads/2019/05/cocaine.jpg)
മെക്സിക്കോ സിറ്റി: വയറ്റില്‍ കൊക്കെയിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ജാപ്പനീസുകാരന്‍ വിമാനത്തില്‍ വച്ചു മരിച്ചു. കൊളംബിയയിലെ ബൊഗോട്ടയില്‍ നിന്നും ടോക്കിയയിലേക്കുളള യാത്രാമധ്യേയാണ് 42കാരന്‍ മരിച്ചത്. ഇയാളുടെ വയറ്റില്‍ നിന്നും 246 പാക്കറ്റ് കൊക്കെയിനാണ് കണ്ടെത്തിയത്. മെക്സിക്കോയില്‍ വച്ചാണ് യുഡോ എന്ന് മാത്രം പേര് പുറത്ത് വന്ന 42കാരന്‍ മരിച്ചത്.
കൊളംബിയയില്‍ നിന്നും മെക്സിക്കോയിലേക്ക് വന്ന് അവിടുന്ന് ജപ്പാനിലേക്ക് പോകാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. മെക്സിക്കോയിലെത്തും മുമ്പ് ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാരാണ് ഇദ്ദേഹം അപസ്മാരത്തിന്റെ പോലെ ലക്ഷണം കാണിക്കുന്നത് കണ്ട് ശ്രദ്ധിച്ചത്. അതീവ വേദനയുണ്ടെന്ന് പരാതിപ്പെട്ട ഇദ്ദേഹം വിമാനത്തിലെ ജീവനക്കാരോട് അടിയന്തരമായി വിമാനം ഇറക്കി തനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സോണോരയിലെ ഹെര്‍മോസില്ല വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കുകയായിരുന്നു,' എയര്‍പോര്‍ട്ട് പൊലീസ് വ്യക്തമാക്കി.
എന്നാല്‍ വിമാനം ഇറങ്ങിയ ഉടനെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചെങ്കിലും ഇദ്ദേഹം മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇദ്ദേഹത്തിന്റെ വയറ്റില്‍ നിന്നും 246 പാക്കറ്റ് കൊക്കെയിന്‍ കണ്ടെത്തിയത്. ഓരോ പാക്കറ്റും 2.5 സെന്റീമീറ്റര്‍ വീതം നീളമുളളതായിരുന്നു.
തലച്ചോറില്‍ വീക്കം സംഭവിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ലഹരിമരുന്ന് അമിതമായതിനെ തുടര്‍ന്നാണ് തലച്ചോര്‍ വീര്‍ത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വയറ്റിനകത്ത് വച്ച് കൊക്കെയിനിന്റെ പാക്കറ്റ് പൊട്ടിയതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം. മെക്സിക്കോ സിറ്റിയില്‍ നിന്നും ടോക്കിയയിലേക്ക് പുറപ്പെട്ട എയറോ മെക്സിക്കോ വിമാനത്തിലാണ് മധ്യവയസ്കന്‍ മരിച്ചത്. 189 യാത്രക്കാരേയും കൊണ്ട് വന്ന വിമാനം പിന്നീട് യാത്ര പുനരാരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.