കാസ്‌ഗഞ്ച്: ഉത്തർപ്രദേശിലെ കാസ്‌ഗഞ്ചിൽ കലാപത്തിനിടെ യുവാവ് മരിച്ചെന്നത് വ്യാജവാർത്ത. പ്രചാരണം തെറ്റാണെന്ന് തെളിയിക്കാൻ മാധ്യമപ്രവർത്തകനായ 24 കാരൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. സ്വന്തമായി മാധ്യമസ്ഥാപനം നടത്തുന്ന രാഹുൽ ഉപാദ്ധ്യായ ആണ് കാസ്‌ഗഞ്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സത്യാവസ്ഥ ധരിപ്പിച്ചത്.

“ആദ്യത്തെ ഫോൺ കോൾ വന്നപ്പോൾ ഞാൻ കരുതി ആരോ തമാശയ്ക്ക് ചെയ്തതാണെന്ന്. അത് അവസാനിക്കുമ്പോഴേക്ക് അടുത്തത് ലഭിച്ചു. ഇതിന് പിന്നാലെ നിരന്തരം ഫോൺ കോളുകൾ വന്നു. അപ്പോഴാണ് എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന തോന്നലുണ്ടായത്”, രാഹുൽ ഉപാദ്ധ്യായ വ്യക്തമാക്കി.

അലിഗഡിലെ നാഗ്‌ല കഞ്ചി വില്ലേജിലെ കർഷക കുടുംബാംഗമാണ് രാഹുൽ. തന്റെ മരണ വാർത്ത പ്രചരിക്കുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ ഇത് പ്രചരിപ്പിക്കുന്ന ചിത്രങ്ങളും ഇയാൾക്ക് ലഭിച്ചു. “ആളുകൾ എന്റെ മരണവാർത്ത കലാപം കൂടുതൽ വ്യാപിപ്പിക്കാൻ വേണ്ടി മനഃപ്പൂർവ്വം പ്രചരിപ്പിക്കുകയാണ് എന്ന് എനിക്ക് മനസിലായി. ഒരു ഹിന്ദു കൂടി കൊല്ലപ്പെട്ടെന്നാണ് ആ വാർത്തകളിൽ പറഞ്ഞത്. അതിനാലാണ് ഞാൻ പൊലീസിനെ സമീപിച്ചത്”, രാഹുൽ വ്യക്തമാക്കി.

പരമാവധി പത്രക്കാരെ സമീപിക്കാനും ഇക്കാര്യം പറയാനുമാണ് അലിഗഡ് ഐജി രാഹുലിനോട് ആവശ്യപ്പെട്ടത്. “സോഷ്യൽ മീഡിയകളിൽ പ്രചരിച്ചത് സത്യമല്ല. രാഹുൽ ഉപാദ്ധ്യായ ജീവനോടെയുണ്ട്”, ഐജി സഞ്ജീവ് ഗുപ്ത പറഞ്ഞു.

“ഞങ്ങൾ പോലും വളരെയധികം ആശ്ചര്യപ്പെട്ടു. ഈ ഒരു പേരുകാരൻ കാസ്‌ഗഞ്ചിൽ എവിടെയും ഉണ്ടായിരുന്നില്ല. പക്ഷെ ചിലർ ബോധപൂർവ്വം കളവ് പ്രചരിപ്പിച്ചു. ഞങ്ങൾ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാസ്‌ഗഞ്ചിൽ അഭിഷേക് ഗുപ്തയെന്ന ആൾ റിപ്പബ്ലിക് ദിനത്തിൽ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മരണവാർത്തയും പ്രചരിച്ചത്. റിപ്പബ്ലിക് ദിനത്തിലെ സാമുദായിക സംഘട്ടനം ഒതുക്കിത്തീർത്തെങ്കിലും തൊട്ടടുത്ത ദിവസം രാഹുലിന്റെ മരണവാർത്ത പ്രചരിച്ചതോടെ കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതുവരെ 82 പേരെ കസ്റ്റഡിയിലെടുക്കുകയും 31 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ