ലഖ്‌നൗ: സമാജ്‌വാദി പാർട്ടി എംഎൽഎയുടെ മരുമകൻ സബ്ഇൻസ്പെക്ടറുടെ മുഖത്തടിക്കുന്നതിന്റെയും മറ്റ് പൊലീസുകാരെ പിടിച്ചു തള്ളുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ എറ്റാ നിയോജകകമണ്ഡലത്തിലെ എംഎൽഎ രമേശ് യാദവിന്റെ സഹോദരീ പുത്രനാണ് അതിക്രമം കാണിച്ചത്.

‘മോഹിത് ശർമ്മയാണ് ഞാൻ..ഇയാളെ ഞാൻ…’ എന്ന് പറഞ്ഞ് കൊണ്ടാണ് എൻഡിടിവി പുറത്ത് വിട്ട വീഡിയോയിൽ ഇയാൾ എസ്ഐയുടെ മുഖത്തടിക്കുന്നത്. തടയാൻ ശ്രമിക്കുന്ന മറ്റു പൊലീസുകാരെ ഇയാൾ പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹോസ്പിറ്റൽ തൊഴിലാളികളെ മർദ്ദിച്ചതിന് മോഹിത് ശർമയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിച്ചതിനും കയ്യേറ്റം ചെയ്തതിനും മോഹിതിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

സമാജ്‌വാദി പാർട്ടിയിലെ മുതിർന്ന നേതാവാണ് രമേശ് യാദവ്. മോഹിത് തൊഴിൽ രഹിതനാണ്. ഇന്ന് രാവിലെ ബന്ധുവിനേയും കൊണ്ട് ആശുപത്രിയിലെത്തിയ മോഹിത്, എക്സ്-റെ എടുക്കാൻ വിഐപി പരിഗണന ആവശ്യപ്പെട്ടു. എന്നാൽ ലാബ് ടെക്നീഷ്യൻ ഇത് നിഷേധിക്കുകയുും മോഹിതിനോടും ബന്ധുവിനോടും വരിയിൽ നിൽക്കാൻ ആവശ്യപ്പടുകയും ചെയ്തു. ഇതിൽ പ്രകോപിതനായാണ് മോഹിത് ലാബ് ടെക്നീഷ്യനെ ആക്രമിക്കുകയും പൊലീസ് പിടിയിലാവുകയും ചെയതത്. ഇയൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ