scorecardresearch
Latest News

ടിക്കറ്റെടുത്ത് വിമാനത്താവളത്തില്‍ കയറി മലയാളി യുവതിയെ പോക്കറ്റടിച്ച മോഷ്ടാവ് പിടിയില്‍

വില കുറവുളള വിമാന ടിക്കറ്റുകള്‍ വാങ്ങി വിമാനത്താവളത്തില്‍ കയറി മോഷ്ടിക്കുകയാണ് തന്റെ രീതിയെന്ന് പ്രതി

ടിക്കറ്റെടുത്ത് വിമാനത്താവളത്തില്‍ കയറി മലയാളി യുവതിയെ പോക്കറ്റടിച്ച മോഷ്ടാവ് പിടിയില്‍

കൊല്‍ക്കത്ത: വിമാനത്താവളങ്ങളില്‍ കയറി യാത്രക്കാരെ പോക്കറ്റടിക്കുന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശിയായ സാജിദ് ഹുസൈനെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കൊച്ചിയിലേക്ക് യാത്ര ചെയ്യാനായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ ബീനു ജേക്കബ് എന്ന യുവതിയുടെ പഴ്സാണ് ഇയാള്‍ മോഷ്ടിച്ചത്.

കമ്മല്‍, സ്വര്‍ണമാല, 3,500 രൂപ എന്നിവയാണ് ബീനുവിന്റെ പഴ്സില്‍ ഉണ്ടായിരുന്നത്. കൊല്‍ക്കത്ത, പട്ന വിമാനത്താവളങ്ങളിലാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പഴ്സ് കാണാതായെന്ന ബീനുവിന്റെ പരാതിയില്‍ പൊലീസ് സിസിടിവി പരിശോധിക്കുകയായിരുന്നു. എന്നാല്‍ ക്യൂവില്‍ നിന്നപ്പോഴുളള ദൃശ്യങ്ങളില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഇതിന് പിന്നാലെ യുവതിയുടെ കാലിയായ പഴ്സ് വാഷ്റൂമിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരാള്‍ പഴ്സ് ഉപേക്ഷിച്ച് വാഷ്റൂമിലേക്ക് കയറുന്നത് കണ്ടത്. എന്നാല്‍ ഇയാള്‍ പുറത്തേക്ക് വന്നത് മറ്റൊരു വസ്ത്രം ധരിച്ചായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ഇംഫാലിലേക്ക് ഇയാള്‍ ടിക്കറ്റ് എടുത്തിട്ടുണ്ടായിരുന്നു. ഒരു മണിക്കൂറിനകം ഇംഫാലിലേക്കുളള വിമാനം പുറപ്പെടുമെങ്കിലും ചെക് ഇന്‍ ചെയ്യാതിരുന്നത് പൊലീസ് ചോദ്യം ചെയ്തു. തൃപ്തികരമായ ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് ഇയാളില്‍ നിന്നും മോഷണം പോയ സാധനങ്ങള്‍ കണ്ടെത്തുകയായിരുന്നു.

വില കുറവുളള വിമാന ടിക്കറ്റുകള്‍ വാങ്ങി വിമാനത്താവളത്തില്‍ കയറി മോഷ്ടിക്കുകയാണ് തന്റെ രീതിയെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മോഷണം നടത്തിയ ശേഷം ടിക്കറ്റ് തിരികെ നല്‍കി പണം വാങ്ങുകയോ വിമാനത്തില്‍ യാത്ര ചെയ്യുകയോ ചെയ്യും. പ്രതിയെ റിമാന്റ് ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Man buys tickets and enter airport to steal passengers