സൂറത്ത്: ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായി നാല് പെണ്‍മക്കള്‍ തീപിടുത്തത്തില്‍ മരിച്ചെന്ന് തിരക്കഥയൊരുക്കിയ പച്ചക്കറി വില്‍പനക്കാരന്‍ അറസ്റ്റില്‍. ഇല്ലാത്ത മക്കളുടെ മരണം ആവിഷ്കരിച്ച് മരണ സർട്ടിഫിറ്റ് സംഘടിപ്പിക്കുകയും അതുപയോഗിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്.
രമേഷ് സറാകിയ തന്റെ നാലു പെൺമക്കൾ വീട്ടിലുണ്ടായ തീപിടുത്തതിൽ മരിച്ചെന്ന് കാണിച്ച് 65 ലക്ഷം രൂപയുടെ 17 ഇൻഷുറൻസ് പോളിസിക്ക് അവകാശവാദം ഉന്നയിക്കുകയായിരുന്നു.

താന്‍ പുറത്തുപോയപ്പോള്‍ ഷെഡ്ഡിന് തീപിടിക്കുകയും 10, 9, 8, 7 വയസുകാരായ നാല് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. തന്റെ ഭാര്യ നേരത്തേ മരിച്ചുപോയെന്ന് പറഞ്ഞ ഇയാള്‍ നാല് പെണ്‍കുട്ടികളുടേയും ചിത്രങ്ങളും പൊലീസിന് കാണിച്ചുകൊടുത്തു.

എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സംശയം തോന്നി രമേഷിനെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ തട്ടിപ്പ് തുറന്നുപറഞ്ഞത്. തനിക്ക് പെണ്‍മക്കളില്ലെന്നും രണ്ട് ആണ്‍മക്കളാണുള്ളതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് പന്നിക്കുഞ്ഞുങ്ങളെയാണ് തീവെച്ച് കൊന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.

17 പോളിസികളാണ് ഇല്ലാത്ത നാലു പെൺമക്കളുടെ പേരിൽ ഇയാൾ അപേക്ഷിച്ചത്. ഇതിനായി വ്യാജ ഫോട്ടോകൾ,​ ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ എന്നിവയും ഹാജരാക്കി. പൊലീസിനെ കബളിപ്പിച്ച് ഇന്‍ഷുറന്‍ തുക കൈപ്പറ്റാമെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ തിരക്കഥ തയ്യാറാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ