ലക്‌നൗ: പാമ്പ് തന്നെ കടിച്ചുവെന്നു കരുതിയ യുവാവ് പ്രതികാരമായി പാമ്പിന്‍റെ തല കടിച്ചു മുറിച്ചു. ഉത്തർപ്രദേശിലെ ഹാർദോയിലാണ് ഏവരെയും അതിശയപ്പെടുത്തിയ സംഭവം ഉണ്ടായത്. സോനിലാൽ എന്ന കർഷകനാണ് പാമ്പിന്‍റെ തല കടിച്ചു മുറിച്ച ശേഷം ചവച്ചു തുപ്പിയത്.

പാമ്പിനെ കടിച്ചശേഷം ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിശോധനയിൽ യുവാവിന്‍റെ ശരീരത്തിൽ പാമ്പു കടിയേറ്റതിന്‍റെ പാടുകൾ ഒന്നും കണ്ടെത്താനായില്ലെന്ന് ഡോക്ടർ സഞ്ജയ് കുമാർ പറഞ്ഞു. പാമ്പിന്‍റെ ശരീര അവശിഷ്ടം വയറിനകത്ത് പോയപ്പോഴാകാം ബോധരഹിതനായി വീണത്. അല്ലാതെ പാമ്പ് കടിച്ചതിന്റെ വിഷം കൊണ്ടല്ല. തന്‍റെ ജീവിതത്തിൽ ഇത്തരമൊരു സംഭവം കാണുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ കന്നുകാലികൾക്കായി പുല്ല് വെട്ടുന്നതിനിടെയാണ് പാമ്പ് കടിച്ചതെന്ന് സോനേലാൽ പിന്നീട് പറഞ്ഞു. കടിച്ചപ്പോൾ ദേഷ്യം തോന്നി. പാമ്പിനെ പിടിച്ച് അതിന്‍റെ തല കടിച്ചു മുറിച്ചു. ചവച്ചരച്ചശേഷം പുറത്തേക്ക് തുപ്പിയെന്ന് സോനേലാൽ പറഞ്ഞു. അതേസമയം, ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ