പട്ന: ബിഹാറിലെ ദര്‍ബാംഗ ജില്ലയില്‍ ആള്‍ക്കൂട്ടം 70കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രദേശത്തെ ടൗണ്‍ സ്ക്വയറിന് ‘നരേന്ദ്രമോദി ചൗക്ക്’ എന്ന് പേരിട്ടതിനാണ് ഇയാളെ കൊന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളുടെ കുടുംബത്തെ ഉദ്ദരിച്ചാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ബിജെപി അനുകൂലിയായ രാമചന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വാളുകളും ഹോക്കി സ്റ്റിക്കുകളുമായി അമ്പതോളം പേരാണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ മകന്‍ തേജ് നാരായണ്‍ വ്യക്തമാക്കിയത്. അക്രമികളിലെ മുതിര്‍ന്ന് ഒരാളോട് താന്‍ എന്തിനാണ് മോദിയുടെ പേര് സ്ഥലത്തിന് ഇട്ടതെന്ന് വിശദീകരിക്കുമ്പോഴാണ് പിതാവിന്റെ കഴുത്ത് അറുത്തതെന്ന് തേജ് പറഞ്ഞു. മൂത്ത സഹോദരന്‍ ഇടപെട്ടപ്പോള്‍ അയാളെയും വധിക്കാന്‍ ശ്രമിച്ചതായി യുവാവ് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് സ്ക്വയറില്‍ നരേന്ദ്രമോദിയുടെ ചിത്രം പതിച്ചതിന്റെ വൈരാഗ്യത്തില്‍ തന്റെ മറ്റൊരു സഹോദരനെ മുമ്പ് കൊലപ്പെടുത്തിയതായും യുവാവ് വ്യക്തമാക്കി. ആര്‍ജെഡി പ്രവര്‍ത്തകരാണ് അക്രമികളെന്നാണ് ആരോപണം. ആര്‍ജെഡിയുടെ ശക്തികേന്ദ്രമായ പ്രദേശത്ത് മോദി സ്ക്വയര്‍ ഉണ്ടാകുമോ എന്ന ഭയത്തിലാണ് അക്രമം നടത്തിയതെന്നും തേജ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായതും ആര്‍ജെഡിക്ക് അക്രമം നടത്താന്‍ പ്രേരണയായതെന്നും അദ്ദേഹം ആരോപിച്ചു.

ഇദ്ദേഹത്തിന്റെ സഹോദരനായ കമല്‍ ദേവ് യാദവിനെ ദര്‍ബാംഗ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തേ ഇവിടെ തര്‍ക്കം നിലനിന്നിരുന്നുവെന്നും അന്വേഷിച്ച് പ്രതികരിക്കാമെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ